സിക്കിം തുരങ്കപാതാ മണ്ണിടിച്ചില്‍; കാണാതായ മലയാളിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ന്യൂഡല്‍ഹി: സിക്കിമിലെ നാംചിയില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി.മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) കാണാതായത്. 2010 മുതല്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്.
നിലവില്‍ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്. തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്. അനീഷിന്റെ മാതാപിതാക്കള്‍ മാത്രമാണ് നിലവില്‍ കോട്ടയത്തെ വീട്ടിലുള്ളത്.വിവരം അറിഞ്ഞതിനെതുടർന്ന് ദുബായിലുള്ള സഹോദരനും അനീഷിന്റെ ഭാര്യ സംഗീതയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സയൻസ് വ്ലോഗർ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളില്‍ രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സിക്കിമില്‍നിന്നുള്ള വിവരം.