ഉത്തർ പ്രദേശിൽ അജ്ഞാതരുടെ വെടിയേറ്റ് സൈനികന് ദാരുണാന്ത്യം

ഉത്തർ പ്രദേശിൽ അജ്ഞാതരുടെ വെടിയേറ്റ് സൈനികന് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർ പ്രദേശിൽ അജ്ഞാതരുടെ വെടിയേറ്റ് സൈനികന് ദാരുണാന്ത്യം. സമദ്‌പൂർ സ്വദേശിയായ അഖിലേഷ് ചൗധരി (28) ആണ് കൊല്ലപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലേഷ് ചൗധരിയുടെ ജീവൻ രക്ഷിക്കാനായില്ല.ഉത്തർപ്രദേശിലെ ഹത്രാസില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഒരു കേസിൻ്റെ വാദത്തിനായി കോടതിയേക്ക് പോകുന്ന വഴിയ്‌ക്കാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചുവെന്ന് ആഗ്ര പൊലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് അറിയിച്ചു.സൈനികന്‍ കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചയുടൻ എസ്‌പി സിൻഹയും സദാബാദിലെ അഡീഷണൽ എസ്‌പിയും പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. അഖിലേഷിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയലെ മോര്‍ച്ചറിയിലാണ് അഖിലേഷിൻ്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ആഗ്രയിലെ ആർമി വർക്ക്‌ഷോപ്പ് 509 ലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സൈനികൻ അഖിലേഷ് ചൗധരി.അതേസമയം സൈനികനെ വധിച്ച സംഭവത്തിൽ ഉള്‍പ്പെട്ടവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് ബന്ധുവായ നിതിൻ ആരോപിച്ചു. ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് അഖിലേഷുമായി തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും നിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വർഷം മുൻപ് വിവാഹിതനായ അഖിലേഷിന് ഭാര്യയും മൂന്ന് വയസുള്ള ഒരു മകനുമുണ്ട്. അഖിലേഷിൻ്റെ പിതാവ് ദേവേന്ദ്ര ചൗധരിയും ആഗ്രയിൽ നിന്ന് വിരമിച്ച സൈനികനാണ്.