മെസിയുടെ ഇന്ത്യാ സന്ദർശനം: 50 കോടിയുടെ മാനനഷ്‌ടക്കേസുമായി സൗരവ് ഗാംഗുലി

കൊൽക്കത്ത: ലയണൽ മെസിക്കെതിരായ വിവാദത്തിൽ തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും അപകീർത്തിപരമായ പ്രസ്‌താവനകൾ നടത്തിയെന്നും ആരോപിച്ച് മുൻ ക്രിക്കറ്റ് താരവും സ്‌പോർട്‌സ് അഡ്‌മിനിസ്ട്രേറ്ററുമായ സൗരവ് ഗാംഗുലി നിയമ നടപടിയിലേക്ക് .50 കോടി രൂപയുടെ മാനനഷ്‌ടക്കേസാണ് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അർജൻ്റീന ഫുട്ബോൾ ഫാൻ ക്ലബ്ബ്' അംഗം ഉത്തം സാഹയ്‌ക്കെതിരെ നൽകിയിരിക്കുന്നത് . നേരത്തെ പൊലീസിലും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. മെസിയുടെ ഇന്ത്യ ടൂർ സംഘടിപ്പിച്ചതിന് പിന്നിലെ യഥാർഥ വ്യക്തി ഗാംഗുലിയാണെന്നും ഇപ്പോൾ അറസ്റ്റിലായ പ്രധാന സംഘാടകൻ സതാദ്രു ദത്ത ഒരു മുന്നണി പ്രവർത്തകൻ മാത്രമാണെന്നും ഇയാൾ ഒരു പത്രപ്രവർത്തകനോട് വെളിപ്പെടുത്തിയിരുന്നു. കൊൽക്കത്ത പൊലീസിൻ്റെ സൈബർ സെല്ലിന് അയച്ച ഇമെയിൽ പരാതിയിൽ, ആ വ്യക്തിയുടെ പ്രസ്‌താവനകൾ തൻ്റെ പ്രശസ്‌തിയേയും മാനസിക സമാധാനത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും ഗാംഗുലി പറയുന്നു.
"യാതൊരു വസ്‌തുതാപരമായ അടിസ്ഥാനവുമില്ലാതെ ഗാംഗുലിക്കെതിരെ മനഃപൂർവ്വം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായാണ് പരാതിയിൽ പറയുന്നത്," എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തൻ്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത പ്രശസ്‌തിയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും ഗാംഗുലി പരാതിയിൽ പറയുന്നുണ്ട് . പതിറ്റാണ്ടുകളായി നീണ്ടുനിന്ന തൻ്റെ പ്രൊഫഷണൽ ജീവിതത്തിൽ, ഒരു കായികതാരം, സ്പോർട്‌സ് അഡ്‌മിനിസ്ട്രേറ്റർ എന്നീ നിലകളിൽ രാജ്യത്തും ലോകമെമ്പാടും പ്രശസ്‌തി നേടിയിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ഇത്തരം പ്രസ്‌താവനകൾ തൻ്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ ലക്ഷ്യമിടുന്നുവെന്നും ഗാംഗുലി പരാതിയിൽ പറഞ്ഞു.
ഡിസംബർ 13 ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും മറ്റ് വിശിഷ്‌ട വ്യക്തികൾക്കുമൊപ്പം അർജൻ്റീന ഫുട്ബോൾ ഇതിഹാസം മെസിയേയും സംഘത്തേയും ആദരിക്കാൻ ഗാംഗുലി വേദിയിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നു. മെസി വേദിയിൽ നിന്ന് പെട്ടെന്ന് പുറത്തു പോയതിനെത്തുടർന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിനുള്ളിൽ നിറഞ്ഞിരുന്ന കാണികള്‍ പ്രതിഷേധിക്കുകയുണ്ടായി. ഇതോടു കൂടി പരിപാടി റദ്ദാക്കുകയായിരുന്നു.
'ഗോട്ട് ഇന്ത്യ ടൂർ 2025'ൻ്റെ ഭാഗമായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ മെസി കുറച്ച് നിമിഷങ്ങൾ മാത്രമാണ് സ്റ്റേഡിയത്തിൽ ചെലവഴിച്ചത്. മെസി സ്റ്റേഡിയം വിട്ടതോടെ ഫീസ് ആയി ഈടാക്കിയ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആരാധകർ സ്റ്റേഡിയം കയ്യേറി. ഇന്ത്യൻ ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെടുന്ന ഒരു നഗരത്തിലാണ് ഇത് സംഭവിച്ചത്.പരിപാടിയിൽ പങ്കെടുക്കാൻ വലിയ തുക ചെലവഴിച്ച ആരാധകരാണ് പ്രതിഷേധിച്ചത്. ഇന്ത്യ ഒരു ആഗോള കായിക കേന്ദ്രമായി സ്വയം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ സംഭവിക്കുന്നത്. കസേരകളും സ്റ്റേഡിയവും തകർത്താണ് കാണികള്‍ പ്രതിഷേധിച്ചത്. അതേസമയം സംഭവത്തിൽ അന്വേഷണ സമിതി സ്റ്റേഡിയം സന്ദർശിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തി.