നൈജീരിയില്‍ അടിയന്തരാവസ്ഥ

നൈജീരിയില്‍ അടിയന്തരാവസ്ഥ

അബുജ: രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു . അടുത്തടുത്ത ദിവസങ്ങളിലായി സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ രണ്ട് സംഭവങ്ങളും സാധാരണക്കാർക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളും രാജ്യത്ത് ഗുരുതരമായ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നടപടി. സുരക്ഷാ പ്രതിസന്ധി പരിഹരിക്കാൻ 50,000 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ഫോറസ്റ്റ് ഗാർഡുകളെ വിന്യസിക്കാനും പ്രസിഡന്‍റ് ഉത്തരവിട്ടു.

ദേശീയ പ്രതിസന്ധികളുടെ ഘട്ടത്തിൽ പ്രസിഡന്‍റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണഘടന അധികാരം നൽകുന്നുണ്ട്. സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 20,000 അധിക പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു, ഇതോടെ ആകെ പൊലീസ് അംഗബലം 50,000 ആയി ഉയരും. കൂടാതെ, വിദൂര പ്രദേശങ്ങളെ സായുധ സംഘങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഫോറസ്റ്റ് ഗാർഡുകളെ വിന്യസിക്കാൻ ഇന്റലിജൻസ് സർവീസിന് പ്രസിഡന്‍റ് അധികാരം നൽകിയിട്ടുണ്ട്.

അടുത്തിടെ സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ നൈജീരിയയിൽ വർധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച കെബ്ബി സംസ്ഥാനത്ത് നിന്ന് 25 വിദ്യാർഥികളെയും നൈജർ സംസ്ഥാനത്ത് നിന്ന് 300-ൽ അധികം വിദ്യാർഥികളെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി.കെബ്ബിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളെ രക്ഷപ്പെടുത്തി രക്ഷിതാക്കളുമായി ചേർത്തെങ്കിലും, നൈജർ സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്രിസ്ത്യാനികൾക്കെതിരായ പീഡന ആരോപണങ്ങളും "തോക്കുമായി കടന്നുകയറും" എന്ന ഭീഷണിയും രാജ്യത്തെ കലുഷിതമായ സുരക്ഷാ സാഹചര്യത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കിയിരുന്നു.

ആക്രമണങ്ങൾ തടയുന്നതിനായി വിദൂര പ്രദേശങ്ങളിലെ സ്കൂളുകൾ, പള്ളികൾ, മോസ്കുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും ടിനുബു ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ സൈനികരെ വിന്യസിച്ചുകൊണ്ടുള്ള ടിനുബുവിന്‍റെ പദ്ധതി രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകാൻ സാധ്യതയില്ലെന്ന് സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഗവൺമെന്‍റ് തലത്തിലെ ഉത്തരവാദിത്തമില്ലായ്മ, പ്രാദേശിക പരാതികൾ, സൈനികരുടെ ക്ഷേമം തുടങ്ങിയ സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഈ നിയമന സംരംഭം പരാജയപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളും പണത്തിനായി ആക്രമണങ്ങൾ നടത്തുന്ന ക്രിമിനൽ സംഘങ്ങളുമടക്കം നിരവധി സായുധ ഗ്രൂപ്പുകൾ നൈജീരിയയിലുടനീളം പ്രവർത്തിക്കുന്നുണ്ട്.തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ള ഭീഷണി നേരിടാനായി 2013-ലാണ് നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ഇതിന് മുൻപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.