കേരള സംസ്‌ഥാന സ്‌കൂൾ കായിക മേള: വിജയികൾക്ക് 117.5 പവൻ സ്വർണക്കപ്പ്

കാസർകോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളാകുന്നവർക്ക് സമ്മാനിക്കാനായുള്ള സിഎം എവർറോളിങ് ട്രോഫിയുടെ പ്രയാണം കാസർകോട് നിന്ന് ആരംഭിച്ചു. കേരള ഭൂപട മാതൃകയിൽ സ്വർണം ഉപയോഗിച്ച് രൂപകൽപന ചെയ്ത ഈ കപ്പ് വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്കുശേഷം ഒക്ടോബർ 20-ന് മത്സരവേദിയായ തിരുവനന്തപുരത്ത് എത്തിക്കും. നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ ട്രോഫി പര്യടനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികതാരങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു. കലോത്സവ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് ഇത് ആദ്യമായി കായിക മേളയിലെ വിജയികൾക്ക് സമ്മാനമായി നൽകുന്നത്. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117.5 പവനുള്ള കപ്പാണ് ലഭിക്കുക.

സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിലാണ് സ്വർണ കപ്പ് വിതരണം ചെയ്യുന്നത്. 67-ാമത് സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷം നടത്തുന്നത്. ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂൾ വിദ്യാർഥികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നെങ്കിലും കപ്പ് നിർമിച്ചിരുന്നില്ല.ഈ തുകയും കായികമേളക്കായുള്ള സ്പോൺസർഷിപ്പ് തുകയും ഉപയോഗിച്ച് കപ്പ് നിർമിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു. ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരം നഗരം ഒക്ടോബർ 21 മുതൽ 28 വരെ വേദിയാകും.