നീരവ് മോദിയുടെ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി : മോദിയെ ഇന്ത്യിലെത്തിക്കാൻ നടപടി തുടങ്ങി

നീരവ് മോദിയുടെ  അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി :  മോദിയെ ഇന്ത്യിലെത്തിക്കാൻ നടപടി തുടങ്ങി

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പുകേസ് പ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സമർപ്പിച്ച അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി. ഇതോടെ മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ സിബിഐ ഊർജിതമാക്കി. ഇന്ത്യയിലെ ജയിലുകളിൽ പീഡനത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് കൈമാറ്റ നടപടി പുനഃപരിശോധിക്കണമെന്ന് നീരവ്മോദി ആവശ്യപ്പെട്ടത്.

നിയമപോരാട്ടത്തിന് ഫലം

അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെങ്കിലും ജയിലുകളിലെ സുരക്ഷയിൽ ഭയമുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ലണ്ടൻ ഹൈക്കോടതിയിലെ കിങ്സ് ബെഞ്ച് ഡിവിഷൻ ഈ വാദങ്ങൾ നിരാകരിച്ചു. കേസ് വീണ്ടും പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പിഎൻബിയിൽനിന്ന് 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മോദി 2019 മാർച്ച് മുതൽ യുകെയിലെ ജയിലിലാണ്. ഇയാളെ ഇന്ത്യയിലെത്തിക്കാൻ സിബിഐയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ദീർഘകാലമായി നിയമപോരാട്ടം നടത്തുന്നുണ്ട്.

സിബിഐയുടെ സഹായത്തോടെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അഭിഭാഷകനാണ് ലണ്ടനിൽ ഹർജിക്കെതിരെ വാദിച്ചത്. വാദം കേൾക്കുന്നതിനായി സിബിഐ ഉദ്യോഗസ്ഥർ ലണ്ടനിൽ എത്തിയിരുന്നു. മോദിയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ നേരത്തെ വെസ്റ്റ്മിൻസ്റ്റർ കോടതി അംഗീകരിച്ചിരുന്നു. വിചാരണ നേരിടാൻ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് മോദി ഹൈക്കോടതിയെ സമീപിച്ചത്.

തുടർനടപടികൾ വേഗത്തിൽ

പുതിയ വിധി വന്നതോടെ മോദിയെ കൈമാറുന്നതിലെ അവസാന നിയമതടസവും നീങ്ങി. വരും ദിവസങ്ങളിൽതന്നെ കൈമാറ്റ നടപടികൾ പൂർത്തിയാക്കി ഇയാളെ രാജ്യത്തെത്തിക്കും. നീരവ് മോദിയെ ഏത് ജയിലിൽ പാർപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ ജയിൽ അധികൃതർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ ആർതർ റോഡ് ജയിലിലെ 12-ാം നമ്പർ ബാരക്കിലാണ് നീരവ് മോദിയെ പാർപ്പിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. അതീവ സുരക്ഷയുള്ള ഈ ജയിലിലെ സൗകര്യങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളതാണെന്ന് കേന്ദ്രസർക്കാർ ലണ്ടൻ കോടതിയെ അറിയിച്ചിരുന്നു.

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിഷാദരോഗം അലട്ടുന്നുണ്ടെന്നുമുള്ള മോദിയുടെ വാദം ലണ്ടൻ കോടതി നേരത്തെ തള്ളിയിരുന്നു. മോദിയുടെ കേസ് അന്താരാഷ്ട്ര ശ്രദ്ധയിലുള്ളതാണെന്നും അതിനാൽ സർക്കാർ നൽകിയ സുരക്ഷാ ഉറപ്പുകൾ ലംഘിക്കപ്പെടാൻ സാധ്യതയില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ തൃപ്തികരമാണെന്നും കോടതി വിലയിരുത്തി.വജ്രവ്യാപാരിയായ നീരവ് മോദി തൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വഴിവിട്ട രീതിയിൽ പണം കണ്ടെത്തുകയായിരുന്നു. പിഎൻബിയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിങ് മുഖേനയാണ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 2018 ജനുവരിയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. ഇതിന് തൊട്ടുമുമ്പ് ഇയാൾ രാജ്യം വിട്ടിരുന്നു. തുടർന്ന് ഇൻ്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു.

ഒടുവിൽ 2019 മാർച്ച് 19നാണ് ഇയാളെ ലണ്ടനിൽവച്ച് സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുകെ കോടതി നാടുകടത്തൽ നടപടികൾക്ക് അനുമതി നൽകിയത്. പഴുതടച്ചുള്ള അന്വേഷണത്തിന് ഹൈക്കോടതിയുടെ ഈ വിധി ഏറെ നിർണായകമാണ്.