സുഡാൻ ഭീകരാക്രമണം : യു എൻ സമാധാന സേനയിലെ ആറ് ബംഗ്ലാദേശി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ധാക്ക: സുഡാൻ ഭീകരാക്രമണത്തിൽ യു എൻ സമാധാന സേനയിലെ ആറ് ബംഗ്ലാദേശി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതര പരിക്കുകളെന്നും റിപ്പോർട്ട്. അബയേ മേഖലയിലെ യു എൻ സമാധാന സേനയിലെ സംഘം താമസിച്ചിരുന്ന ടെൻ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ സുഡാൻ്റെ അതിർത്തി പ്രദേശമായ അബയെയിൽ ഭീകരാക്രമണം തുടരുകയാണെന്ന് ഇൻ്റർ സർവിസ് പബ്ലിക് റിലേഷൻസ് ഡയറക്‌ടറേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.
"സുഡാനിലെ അബയെ മേഖലയിലെ യുഎൻ താവളത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ യുഎൻ സമാധാന സേന ദൗത്യത്തിലെ ആറ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു" - ധാക്കയിലെ സൈനിക വക്താവ് അറിയിച്ചു. കൂടാതെ പരിക്കേറ്റ സമാധാന സേനാംഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും അധികാരികൾ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ബംഗ്ലാദേശ് സൈന്യം ഫേസ്ബുക്ക് പേജിലൂടെ പ്രസ്‌തവന ഇറക്കി.
"പ്രദേശത്തെ സ്ഥിതി ഇതുവരെ സ്ഥിരത കൈവരിച്ചിട്ടില്ല. തീവ്രവാദികളുമായുള്ള പോരാട്ടം തുടരുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. വിവരങ്ങൾ ലഭ്യമായിക്കഴിഞ്ഞാൽ ഉടൻതന്നെ സ്ഥിതിഗതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം യഥാസമയം പങ്കിടുന്നതായിരിക്കും" - പ്രസ്‌താവനയിൽ പറയുന്നു.
അതേസമയം സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ യുഎൻ സമാധാന സേനാംഗങ്ങൾ ഉൾപ്പെടെ 50ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ സുഡാനും സുഡാനും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റുമുട്ടൽ നടക്കുകയാണ്. നിലവിൽ യുഎന്നിൻ്റെ ബ്ലൂ ഹെൽമെറ്റ് ദൗത്യത്തിലെ കരസേന, നാവികസേന, വ്യോമസേന, പൊലീസ് എന്നിവരുടെതടങ്ങുന്ന 6,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.കഴിഞ്ഞ രണ്ടര വർഷമായി ആഭ്യന്തരയുദ്ധത്തിൽ വലയുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാൻ. ഇക്കാലയളവിൽ 40,000ത്തോളം പേർ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ സ്വന്തം സ്ഥലങ്ങളിൽ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്‌തുവെന്നാണ് യുഎന്നിൻ്റെ കണക്ക്. രാജ്യം ഇപ്പോൾ സുഡാൻ സൈന്യമായ എസ് എ എഫ് നിയന്ത്രിക്കുന്ന കിഴക്കും, വിമത സേനയായ ആർ എസ് എഫ് നിയന്ത്രിക്കുന്ന പടിഞ്ഞാറും ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറൻ സുഡാനിലെ ഒരു പ്രധാന സംസ്ഥാനമാണ് ദാർഫുർ. ദാർഫുറിൻ്റെ തലസ്ഥാനമായ എൽ ഫാഷർ നഗരം വിമത സൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ എസ് എഫ്) പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ കൂട്ടക്കൊലക്കിരയാക്കപ്പെടുന്നുവെന്നതാണ് ഭയാനകമായ വസ്‌തുത.