ചാവേറാക്രമണo: ഇന്ത്യക്ക് ബന്ധമുണ്ടെന്ന് ആവർത്തിച്ച് പാകിസ്ഥാൻ മന്ത്രി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ നടന്ന ചാവേറാക്രമണത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് ആവർത്തിച്ച് പാകിസ്ഥാൻ മന്ത്രി മൊഹ്‌സിൻ നഖ്‌വി. പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പിന് ഇന്ത്യ ഫണ്ട് നൽകുന്നുണ്ടെന്നാണ് മൊഹ്‌സിൻ നഖ്‌വിയുടെ പുതിയ ആരോപണം. എന്നാൽ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും ഇല്ലാതെയാണ് ഇന്ത്യക്കെതിരെയുള്ള ആരോപണമെന്നതാണ് ശ്രദ്ധേയം.വെള്ളിയാഴ്‌ച ഇസ്‌ലാമാബാദിലെ ഷിയ പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 36 പേർ കൊല്ലപ്പെടുകയും 160 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നേരത്തെയും പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ആ ആരോപണങ്ങൾ ഇന്ത്യ പൂർണമായും നിഷേധിച്ചു. അതിന് ശേഷമാണ് വീണ്ടും മൊഹ്‌സിൻ നഖ്‌വി ഈ അവകാശവാദം ഉന്നയിച്ചത്.
"ഇസ്‌ലാമാബാദിൽ ഉണ്ടായ ബോംബാക്രമണം അപലപനീയമാണ്. അതുണ്ടാക്കിയ ജീവഹാനിയിൽ ഇന്ത്യ അനുശോചിക്കുന്നു. സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുപകരം, സ്വന്തം നാട്ടിൽ വളർന്നുവന്ന ദോഷങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കാൻ പാകിസ്ഥാൻ തീരുമാനിക്കുന്നത് നിർഭാഗ്യകരമാണ്" - എന്നാണ് വിദേശ കാര്യമന്ത്രാലയം മറുപടി നൽകിയത്. ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും ഇന്ത്യ നിരസിക്കുന്നുവെന്നും ഇവ അർഥശൂന്യവും അടിസ്ഥാനരഹിതവുമാണെന്നും ഇന്ത്യ മറുപടി നൽകിയിരുന്നു.അതേസമയം സംഭവത്തിൽ ഐഎസ്ഐഎസിൻ്റെയും താലിബാൻൻ്റെയും പേരുകൾ ഉയർന്നുവരുന്നുവെന്ന് പാകിസ്ഥാൻ വെളിപ്പെടുത്തി. "അവരുടെ എല്ലാ ധനസഹായവും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് ഞാൻ വീണ്ടും വ്യക്തമായി പറയുന്നു. വെറുതെ ഒന്നും സംഭവിക്കുന്നില്ല.21 ലധികം തീവ്രവാദ ഗ്രൂപ്പുകൾ അഫ്‌ഗാനിസ്ഥാനിൽ സജീവമായിരുന്നു. പ്രധാന സൂത്രധാരൻ ഐഎഎസുമായി ബന്ധമുള്ളയാളാണ്. ഇയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. ഐഎസ്ഐസ് ആക്രമണത്തിൻ്റെ ആസൂത്രണവും പരിശീലനവും നടത്തിയത് അഫ്‌ഗാനിസ്ഥാനാണ്. പാകിസ്ഥാൻ ഈ യുദ്ധം തുടരും. പക്ഷേ ഇത് ഒരു പ്രാദേശിക ഭീഷണിയായി മാറുകയാണെന്ന് ലോകം മനസിലാക്കേണ്ടതുണ്ട്'' - പാകിസ്ഥാൻ മന്ത്രി മൊഹ്‌സിൻ നഖ്‌വി ആരോപിച്ചു.
തീവ്രവാദി ഗ്രൂപ്പുകൾക്ക് 500 ഡോളർ ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് 1,500 ഡോളർ ലഭിക്കുന്നു. ആരോ അവരുടെ പ്രതിഫലം വർധിപ്പിക്കുകയാണെന്നും ഇന്ത്യയെ സംശയമുനയിൽ നിർത്തി ഖ്വാജ ആസിഫ് ആരോപണം ഉന്നയിച്ചിരുന്നു. 31 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്കും അഫ്‌ഗാനിസ്ഥാനും പങ്കുണ്ടെന്ന് ഖ്വാജ ആസിഫ് ഒരു തെളിവും നൽകാതെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
രാജ്യവ്യാപക പ്രതിഷേധവുമായി തെഹ്രീക്-ഇ-ഇൻസാഫ്
ചാവേർ ആക്രമണത്തിന് പിന്നാലെ നിലവിലെ സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്‌ത് പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് നേതാവ് അസദ് ഖൈസർ. ചാവേർ ബോംബാക്രമണത്തെത്തുടർന്ന് ദുഃഖാചരണം നടത്തുമെന്നും പൊതുതെരഞ്ഞെടുപ്പുകളിലെ കൃത്രിമത്വത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും തെഹ്രീക്-ഇ-ഇൻസാഫ് വ്യക്തമാക്കി.