27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

വാഷിംഗ്‌ടൺ : നീണ്ട 27 വർഷത്തെ സേവനത്തിനൊടുവിൽ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങുന്നു. 2025 ഡിസംബർ 27ന് വിരമിക്കൽ പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിലും ഇന്നാണ് നാസ ഔദ്യോഗിമായിവിവരം പ്രഖ്യാപിക്കുന്നത് .മൂന്ന് ദൗത്യങ്ങളിലായി സുനിത ബഹിരാകാശത്ത് ചെലവഴിച്ചത് 608 ദിവസമാണ്. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിതെന്നത് ശ്രദ്ധേയം.
ഇക്കാലയളവിനുള്ളിൽ ബഹിരാകാശ മേഖലയ്‌ക്കായി നിരവധി സംഭാവനകൾ നൽകാനും, നിരവധി റെക്കോർഡുകൾ സൃഷ്‌ടിക്കാനും സുനിതയ്ക്ക് സാധിച്ചിട്ടുണ്ട്. ബഹിരാകാശ പേടകത്തിന്‍റെ തകരാറ് കാരണം അപ്രതീക്ഷിതമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നീണ്ട ഒമ്പത് മാസങ്ങളോളം തങ്ങേണ്ടിവന്നപ്പോഴും ധൈര്യം കൈവിടാതെ പ്രവർത്തിച്ച ധീരവനിതയാണ് 60കാരിയായ സുനിത വില്യംസ്.ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ തവണ നടന്ന വനിത എന്ന റെക്കോര്‍ഡും സുനിത കരസ്ഥമാക്കിയിരിക്കുകയാണ്. ഒമ്പത് തവണകളിലായി 62 മണിക്കൂറാണ് ഇവർ ബഹിരാകാശത്ത് നടന്നത്. 60 ബഹിരാകാശ നടത്തങ്ങളിലായി ബഹിരാകാശ നിലയത്തിൽ 60 മണിക്കൂറും 21 മിനിറ്റും ചെലവഴിച്ച പെഗ്ഗി വിറ്റ്‌സണിന്‍റെ റെക്കോർഡ് തകർത്താണ് സുനിത ഈ നേട്ടം കൈവരിച്ചത്.
മനുഷ്യ ബഹിരാകാശ യാത്രകളില്‍ സുനിത വില്യംസ് ഒരു വഴികാട്ടിയാണെന്നും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്‍റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയും താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്‌തതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെറഡ് ഐസക്‌മാന്‍ വ്യക്തമാക്കി. 1983 ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നതാണ് സുനിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. നാവികസേനയില്‍ നിന്ന് ബഹിരാകാശ യാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിന്റെ ഭാഗമാക്കി .ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോഴുള്ള സുനിതയുടെ സമർപ്പണബോധവും, കരിയറിലെ സംഭാവനകളും, നേട്ടങ്ങളും ഭാവി തലമുറയിലെ പര്യവേക്ഷകർക്ക് പ്രചോദനമാകുമെന്ന് ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്‍റർ ഡയറക്‌ടർ വനേസ വൈച്ചെ പറഞ്ഞു. തന്നെയും മറ്റ് സഹപ്രവർത്തകരെയും വളരെയധികം പ്രചോദിപ്പിച്ച വ്യക്തിയാണ് സുനിതയെന്നും, എല്ലാവിധ ആശംസകളും നേരുന്നതായും, തീർച്ചയായും സുനിതയുടെ അഭാവം വിഷമത്തിലാക്കുമെന്നും നാസയുടെ ആസ്ട്രോണട്ട് ഓഫിസ് മേധാവി സ്കോട്ട് ടിംഗിൾ ജോൺസൺ പറഞ്ഞു.സുനിത വില്യംസിന്‍റെ കരിയർ വഴികൾ
1998ലാണ് സുനിത വില്യംസിന്‍റെ നാസയിലെ കരിയർ ആരംഭിക്കുന്നത്. 2006 ഡിസംബറിലാണ് സുനിത ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി പോയത്. ഡിസ്‌കവറി എന്ന ബഹിരാകാശ പേടകത്തിലായിരുന്നു യാത്ര. തുടർന്ന് STS-117 ക്രൂവിനൊപ്പം അറ്റ്ലാന്‍റിസ് ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തി. പിന്നീട് എക്സ്പെഡിഷൻസ് 14/15ന്‍റെ ഫ്ലൈറ്റ് എഞ്ചിനീയറായി സേവനമനുഷ്‌ഠിച്ചു. ദൗത്യത്തിനിടെ റെക്കോർഡ് ഭേദിച്ച നാല് ബഹിരാകാശ നടത്തങ്ങൾ പൂർത്തിയാക്കി.2012ൽ എക്സ്പെഡിഷൻ 32/33 ദൗത്യത്തിലെ അംഗമായിരുന്നു. 127 ദിവസത്തെ ദൗത്യമായിരുന്നു. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. എക്സ്പെഡിഷൻ 33ന്‍റെ ബഹിരാകാശ നിലയത്തിലെ കമാൻഡറായും സേവനമനുഷ്‌ഠിച്ചു. ദൗത്യത്തിൽ ബഹിരാകാശ നിലയത്തിന്‍റെ അറ്റക്കുറ്റപ്പണികൾക്കായി സുനിത വില്യംസ് മൂന്ന് ബഹിരാകാശ നടത്തങ്ങൾ നടത്തി.ഏറ്റവും ഒടുവിൽ, നാസയുടെ ബോയിങ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ദൗത്യത്തിന്‍റെ ഭാഗമായി 2024 ജൂണിൽ സുനിത വില്യംസും വിൽമോറും സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ യാത്ര തിരിച്ചു. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും സഹയാത്രികനായ ബുച്ച് വിൽമോറും യാത്ര തിരിച്ചതെങ്കിലും ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടക്കയാത്ര വൈകി. പിന്നീട് 9 മാസങ്ങൾക്ക് ശേഷം 2025 മാർച്ച് 19നാണ് തിരിച്ചെത്തുന്നത്.
'പ്രിയപ്പെട്ട ഇടം ബഹിരാകാശം'; സുനിത വില്യംസ്
"എന്നെ അറിയാവുന്ന ഏതൊരാൾക്കും ബഹിരാകാശമാണ് എന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം," വില്യംസ് പറഞ്ഞു. "ആസ്ട്രോനട്ട് ഓഫിസിൽ സേവനമനുഷ്‌ഠിക്കാൻ കഴിഞ്ഞതും മൂന്ന് തവണ ബഹിരാകാശത്തേക്ക് പോകാൻ അവസരം ലഭിച്ചതും അവിശ്വസനീയമായ ഒരു ബഹുമതിയാണ്. 27 വർഷത്തെ നാസയിലെ കരിയർ അത്ഭുതകരമായ ഒന്നായിരുന്നു. ഇതിന് കാരണം സഹപ്രവർത്തകരിൽ നിന്ന് എനിക്ക് ലഭിച്ച അത്ഭുതകരമായ സ്നേഹവും പിന്തുണയും ആണ്.ഞങ്ങളുടെ സംഭാവനകളും പരീക്ഷണങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേക്ഷണത്തിന്‍റെ അടുത്ത ഘട്ടങ്ങൾ സാധ്യമാക്കുകയും, തുടർന്നുള്ള ഘട്ടങ്ങൾ എളുപ്പമാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാസയും മറ്റ് ഏജൻസികളും ഇതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഞാൻ വളരെ ആവേശത്തിലാണ്. നാസ ചരിത്രം സൃഷ്ടിക്കുന്നത് കാണാൻ ഞാൻ വളരെ ആവേശത്തിലാണ്," അവർ പറഞ്ഞു.