കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് 2025 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഫറ്റോര്‍ഡ: ഡേവിഡ് കാറ്റലയുടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് 2025 പോരാട്ടങ്ങള്‍ക്ക് അല്പസമയത്തിനുള്ളിൽ തുടക്കമാകും . ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സിയാണ് എതിരാളി. ബാംബോളിമിലെ ജി എം സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം. ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്, ടൂര്‍ണമെന്റില്‍ വിജയകരമായ തുടക്കം തേടുന്ന ഇരു ടീമുകള്‍ക്കും ഈ മത്സരം നിര്‍ണ്ണായകമാണ്. പുതിയ വിദേശ സൈനിംഗുകളും ഇന്ത്യന്‍ യുവതാരങ്ങളും ഉള്‍പ്പെട്ട പരിഷ്‌കരിച്ച സ്‌ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍ എത്തിയിരിക്കുന്നത്.മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തില്‍, ആത്മവിശ്വാസത്തോടെ മൂന്ന് പോയിന്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകന്‍ ഡേവിഡ് കാറ്റല, ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചു. ''ടീം സജ്ജമാണ്, കളിക്കാര്‍ നന്നായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആദ്യ മത്സരങ്ങള്‍ എളുപ്പമാകില്ല. രാജസ്ഥാന്‍ യുണൈറ്റഡ് പ്രതിരോധത്തില്‍ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാല്‍ വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' അദ്ദേഹം പറഞ്ഞു.