സയ്യിദ് മോദി ഇൻ്റർനാഷണൽ: തൻവി ശർമ്മ, ഉന്നതി ഹൂഡ, കിദംബി ശ്രീകാന്ത് സെമിയിലേക്ക്

ലഖ്‌നൗ: സയ്യിദ് മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങളായ തൻവി ശർമ്മ, ഉന്നതി ഹൂഡ, കിദംബി ശ്രീകാന്ത് എന്നിവര്‍ സെമിഫൈനലിൽ കടന്നു. കഴിഞ്ഞ റൗണ്ടിൽ ഒളിമ്പിക് മെഡൽ ജേതാവായ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ ഞെട്ടിച്ച തൻവി ശർമ്മ, ക്വാര്‍ട്ടറില്‍ 38 മിനിറ്റിൽ ഹോങ്കോങ്ങിന്‍റെ ലോ സിൻ യാനെ 21-13, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി. സെമിഫൈനലിൽ അഞ്ചാം സീഡ് ജപ്പാന്‍റെ ഹിന അകെച്ചിയെ താരം നേരിടും.

ടോപ് സീഡ് ഉന്നതി ഹൂഡ രക്ഷിത രാംരാജിനെ 21-15, 13-21, 21-16 എന്ന സ്കോറിന് തോൽപ്പിച്ച് വനിതാ സിംഗിൾസ് സെമിയിലെത്തി. തുർക്കിയുടെ നാലാം സീഡ് നെസ്ലിഹാൻ അരിനിനെ ഉന്നതി സെമിയില്‍ നേരിടും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അരിൻ ഇന്ത്യയുടെ ഇഷാരാണി ബറുവയെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. പുരുഷ സിംഗിൾസിൽ, മുൻ ലോക ഒന്നാം നമ്പർ താരം കിദംബി ശ്രീകാന്തിനും സെമി മത്സരത്തിനു യോഗ്യത നേടി.വനിതാ ഡബിൾസിൽ ടോപ് സീഡുകളായ ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും ആറാം സീഡുകളായ തുർക്കിയെയുടെ ബെൻഗിസു എർസെറ്റിൻ-നസ്ലിക്കൻ ഇൻസി സഖ്യത്തെ വീഴ്‌ത്തി സെമികടന്നു. അതേസമയം ഇന്ത്യയുടെ മറ്റൊരു വനിതാ ഡബിൾസ് ജോഡിയായ ശ്രുതി മിശ്രയും പ്രിയ കൊൻജെങ്‌ബാമും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മലേഷ്യയുടെ ഓങ് സിൻ യീ, കാർമെൻ ടിംഗ് സഖ്യത്തോട് 21-13, 22-20 എന്ന സ്‌കോറിന് പരാജയപ്പെട്ടു.

ക്വാർട്ടറില്‍ ഓസ്‌ട്രേലിയയുടെ ആൻഡിക റമാഡിയൻസ്യ-നൊസോമി ഷിമിസു സഖ്യത്തെ 21-18, 21-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയതിന് ശേഷം, ട്രീസ ജോളി മിക്സഡ് ഡബിൾസ് സെമിഫൈനലിൽ ഹരിഹരൻ അംസകരുണനൊപ്പം കളിക്കും. അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിച്ചു. എം.ആർ. അർജുനും ഹരിഹരൻ അംസകരുണനും ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ കാങ് ഖായ് സിംഗ്, ആരോൺ തായ് സഖ്യത്തോട് തോറ്റുപുറത്തായി.

ക്വാർട്ടർ ഫൈനൽ: 

പുരുഷ സിംഗിൾസ്

മിഥുൻ മഞ്ജുനാഥ് മൻരാജ് സിങ്ങിനെ പരാജയപ്പെടുത്തി.

കിഡംബി ശ്രീകാന്ത് പ്രിയാൻഷു രാജവത്തിനെ പരാജയപ്പെടുത്തി.

പുരുഷ ഡബിൾസ്

എംആർ അർജുൻ-ഹരിഹരൻ അംസകരുണൻ എന്നിവരെ കാങ് ഖായ് സിങ്/ആരോൺ തായ് (എംഎഎസ്) വീഴ്‌ത്തി.

വനിതാ സിംഗിൾസ്

ഉന്നതി ഹൂഡ രക്ഷിത രാംരാജിനെ തോല്‍പ്പിച്ചു

തൻവി ശർമ്മ 21-13, 21-19 ന് ലോ സിൻ യാനെ (എച്ച്‌കെജി) തോൽപിച്ചു.

നെസ്ലിഹാൻ അരിൻ (TUR) 21-19, 13-21, 21-15 എന്ന സ്‌കോറിനാണ് ഇഷാറാണി ബറുവയെ പരാജയപ്പെടുത്തിയത്.

വനിതാ ഡബിൾസ്

ഓങ് സിൻ യീ/കാർമെൻ ടിംഗ് (MAS) 21-13, 22-20 എന്ന സ്‌കോറിന് ശ്രുതി മിശ്ര/പ്രിയ കോൻജെങ്‌ബാം എന്നിവരെ വീഴ്‌ത്തി.

ട്രീസ ജോളി/ഗായത്രി ഗോപിചന്ദ് ബെൻഗിസു എർസെറ്റിൻ/നസ്‌ലിക്കൻ ഇൻസി (ടൂർ) എന്നിവരെ പരാജയപ്പെടുത്തി.

മിക്‌സഡ് ഡബിൾസ്

ഹരിഹരൻ അംസകരുണൻ-ട്രീസ ജോളി അൻഡിക റമദിയൻസ്യാ/നൊസോമി ഷിമിസു (ഓസ്‌ട്രേലിയ) എന്നിവരെ പരാജയപ്പെടുത്തി

മർവാൻ ഫാസ/ഐസ്യ പ്രണത (ഐഎൻഎ) നിതിൻ എച്ച്‌വി/ശ്രീനിധി നാരായണനെ പരാജയപ്പെടുത്തി.