T20 World Cup 2026: വാംഖഡെയില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം , ഇംഗ്ലണ്ടിന് ജയിക്കാൻ 254 റൺസ്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തെ സിക്‌സറുകളുടെ പൂരപ്പറമ്പാക്കി മാറ്റിക്കൊണ്ട് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ അടിച്ചുകൂട്ടി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്‍റെ അതിനിർണ്ണായകമായ വെടിക്കെട്ട് ബാറ്റിംഗിന്‍റെ (89) കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. ഇംഗ്ലീഷ് ബൗളർമാരെ നിഷ്പ്രഭരാക്കിയ ഇന്ത്യൻ ബാറ്റിംഗ് നിര നിശ്ചിത 20 ഓവറിൽ വാങ്കഡെയിൽ പുതിയ ചരിത്രം കുറിച്ചു.അവസാന ഓവറുകളിൽ തിലക് വർമയും (7 പന്തിൽ 21) ഹാർദിക് പാണ്ഡ്യയും (12 പന്തിൽ 27) നടത്തിയ മിന്നൽ പ്രകടനമാണ് ഇന്ത്യയെ 250 കടത്തിയത്. ഇംഗ്ലണ്ടിനായി വിൽ ജാക്‌സും ആദിൽ റഷീദും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രഹരശേഷിക്ക് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഫൈനൽ ടിക്കറ്റിനായി ഇംഗ്ലണ്ടിന് ഇനി പൊരുതി ജയിക്കാൻ റെക്കോർഡ് സ്കോറായ 254 റൺസ് വേണം.നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കാറ്റും പിച്ചിലെ സാഹചര്യങ്ങളും പരിഗണിച്ച് തങ്ങളും ബാറ്റിംഗാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. വാങ്കഡെയിലെ ഗാലറിയെ സാക്ഷിയാക്കി ഫൈനൽ ടിക്കറ്റിനായുള്ള പോരാട്ടം ആരംഭിക്കുമ്പോൾ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സെമിഫൈനൽ പോരാട്ടത്തിനായി മാറ്റങ്ങളില്ലാത്ത കരുത്തുറ്റ സംഘവുമായാണ് ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നത്.