ടി20 ലോകകപ്പ് :ജയിച്ചിട്ടും പാകിസ്ഥാൻ പുറത്തേക്ക്

ടി20 ലോകകപ്പ്  :ജയിച്ചിട്ടും പാകിസ്ഥാൻ പുറത്തേക്ക്

കാൻഡി: ടി20 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ശ്രീലങ്കൻ നായകൻ ദസുൻ ഷനകയുടെ വീരോചിത ഇന്നിംഗ്‌സിനും ആതിഥേയരെ വിജയത്തിലെത്തിക്കാനായില്ല. പല്ലെക്കെലെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് റൺസിന് പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ചു. എന്നാൽ ഈ വിജയത്തിനും പാകിസ്ഥാനെ ടൂർണമെന്‍റില്‍ നിലനിർത്താനായില്ല.ആദ്യം ബാറ്റ് ചെയ്‌ത് 212 റൺസ് നേടിയ പാകിസ്ഥാന്, സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ശ്രീലങ്കയെ 147 റൺസിൽ ഒതുക്കണമായിരുന്നു. എന്നാൽ ശ്രീലങ്ക 207 റൺസ് അടിച്ചതോടെ പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി.

പാകിസ്ഥാൻ ഇന്നിംഗ്‌സ്: റെക്കോർഡുകൾ തകർത്ത് ഫർഹാൻ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ഓപ്പണർ സാഹിബ്സാദ ഫർഹാന്‍റേയും ഫഖർ സമന്‍റേയും വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാന് കരുത്തായത്. 60 പന്തിൽ 9 ഫോറും 5 സിക്സുമടക്കം 100 റൺസെടുത്ത ഫർഹാൻ, ഒരു ടി20 ലോകകപ്പ് പതിപ്പിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. കൂടാതെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോർഡും ഫർഹാൻ ഈ മത്സരത്തിലൂടെ മറികടന്നു. 42 പന്തിൽ 84 റൺസെടുത്ത ഫഖർ സമൻ മികച്ച പിന്തുണ നൽകി. 16-ാം ഓവറിൽ ദുഷ്മന്ത ചമീരയാണ് ഫഖറിനെ പുറത്താക്കിയത്. ബാബർ അസമിന് പകരം ടീമിലെത്തിയ മുഹമ്മദ് നാഫെയും ഷദാബ് ഖാനും വേഗത്തിൽ പുറത്തായി.കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ തുടക്കം മോശമായിരുന്നു. നസീം ഷാ രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ പാതും നിസ്സങ്കയെ (3) പുറത്താക്കി. തുടർന്ന് കാമിൽ മിഷാര (15 പന്തിൽ 26) ആക്രമിച്ച് കളിച്ചെങ്കിലും അബ്രാർ അഹമ്മദിന്‍റെ പന്തിൽ പുറത്തായി. പവർപ്ലേ അവസാനിക്കുമ്പോൾ ലങ്ക 2 വിക്കറ്റിന് 49 റൺസ് എന്ന നിലയിലായിരുന്നു.ചരിത് അസലങ്കയും (25) പവൻ രത്നായകെയും ചേർന്ന് സ്കോർ ഉയർത്തിയെങ്കിലും അബ്രാർ അഹമ്മദ് വീണ്ടും ലങ്കയ്ക്ക് തിരിച്ചടി നൽകി. അസലങ്കയെയും കാമിന്ദു മെൻഡിസിനെയും അബ്രാർ പുറത്താക്കി. പിന്നാലെ ജനിത് ലിയാനഗെയെ മുഹമ്മദ് നവാസും മടക്കി. എന്നാൽ ഒരറ്റത്ത് പൊരുതിയ പവൻ രത്നായകെ 32 പന്തിൽ അർധസെഞ്ചുറി തികച്ചു. 37 പന്തിൽ 58 റൺസെടുത്ത രത്നായകെയെ ഷഹീൻ അഫ്രീദിയാണ് പുറത്താക്കിയത്.

അവസാന നിമിഷം വരെ ആവേശം

നായകൻ ദസുൻ ഷനക തകർപ്പൻ ഫോമിലായിരുന്നു. വെറും 23 പന്തിൽ ഷനക അർധസെഞ്ചുറി തികച്ചു. അവസാന ഓവറിൽ ജയിക്കാൻ 28 റൺസ് വേണമെന്നിരിക്കെ ഷഹീൻ അഫ്രീദിക്കെതിരെ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം ഷനക ആഞ്ഞടിച്ചു. എന്നാൽ അവസാന പന്തിൽ അഞ്ച് റൺസ് അകലെ ലങ്കയുടെ പോരാട്ടം അവസാനിച്ചു. 8 സിക്സറുകളുടെ അകമ്പടിയോടെ 76 റൺസുമായി ഷനക പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ മടങ്ങിയെങ്കിലും ലോകകപ്പിൽ നിന്ന് പുറത്തായത് പാകിസ്ഥാന് വലിയ ആഘാതമായി.