ടി20 ലോകകപ്പ് : സൂപ്പർ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കo

ടി20 ലോകകപ്പ് : സൂപ്പർ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കo

കൊളംബോ: ടി20 ലോകകപ്പ് ആവേശകരമായ സൂപ്പർ 8 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. സ്‌പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പ്രേമദാസയിലെ പിച്ച് മത്സരഗതിയിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.പാകിസ്ഥാൻ നിരയിൽ ഉസ്‌മാന്‍ താരിഖ്, അബ്രാർ അഹമ്മദ്, സയിം അയ്യൂബ്, ക്യാപ്റ്റൻ സൽമാൻ ആഘ എന്നിവർ കീവിസ് ബാറ്റിംഗ് നിരയെ പരീക്ഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മറുവശത്ത്, പരിക്കേറ്റ ബ്രേസ്‌വെല്ലിന്‍റെ അഭാവത്തിലും ക്യാപ്റ്റൻ മിച്ചൽ സാന്‍റ്‌നര്‍ നയിക്കുന്ന ഇഷ് സോധി, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര സഖ്യം സ്പിൻ ആക്രമണത്തിന് മൂർച്ച കൂട്ടും. അസുഖബാധിതനായി കഴിഞ്ഞ മത്സരം നഷ്ടമായ സാന്‍റ്‌നര്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ന്യൂസിലൻഡിന് ആശ്വാസമാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചാണ് ഇരുടീമുകളും സൂപ്പർ 8ൽ എത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയോട് മാത്രമാണ് പാകിസ്ഥാൻ പരാജയപ്പെട്ടത്. ന്യൂസിലൻഡാകട്ടെ 2024-ലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് തോൽവി വഴങ്ങിയത്. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലെ സാഹചര്യങ്ങളിലേക്ക് മാറുന്നത് ന്യൂസിലൻഡിന് വെല്ലുവിളിയാണെങ്കിലും കൊളംബോയിലെ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.ടി20 ക്രിക്കറ്റിൽ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള 50-ാം പോരാട്ടമാണിത്. ഇതുവരെ കളിച്ച 49 മത്സരങ്ങളിൽ 24 എണ്ണത്തിൽ പാകിസ്ഥാനും 23 എണ്ണത്തിൽ ന്യൂസിലൻഡും വിജയിച്ചു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ലോകകപ്പില്‍ പാകിസ്ഥാനാണ് വ്യക്തമായ മുൻതൂക്കം. ലോകകപ്പിൽ ഏറ്റുമുട്ടിയ ഏഴ് തവണയിൽ അഞ്ചിലും വിജയം പാകിസ്ഥാനൊപ്പമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന പരമ്പരയിൽ ന്യൂസിലൻഡ് 2-1 ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

മത്സര സമയം: ഫെബ്രുവരി 21, രാത്രി 7:00

വേദി: ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ

തത്സമയം: സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്ക് (ടിവി), ജിയോ ഹോട്ട്സ്റ്റാർ (ലൈവ് സ്ട്രീമിംഗ്)

ഇരുടീമുകളിലേയും താരങ്ങള്‍:

പാകിസ്ഥാൻ: സൽമാൻ ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖ്വാജ നഫായ്, മുഹമ്മദ് നവാസ്, സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ, സയിം അയ്യൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.

ന്യൂസിലൻഡ്: മിച്ചൽ സാന്‍റ്‌നര്‍ (ക്യാപ്റ്റൻ), ഫിൻ അലൻ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം സെയ്‌ഫെർട്ട്, ഇഷ് സോധി.