ടി20 :ആദ്യ മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തി ഇന്ത്യ

ടി20 :ആദ്യ മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തി ഇന്ത്യ

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തി ഇന്ത്യ . ഇന്ത്യ 29 റണ്‍സിനാണ് വിജയിച്ചത്. ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയ്ക്ക് നിശ്ചിത ഓവറിൽ ലക്ഷ്യത്തിലെത്താനായില്ല. ഇരുപത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനേ അമേരിക്കയ്ക്ക് സാധിച്ചുള്ളൂ. മധ്യനിരയിൽ ആൻഡ്രീസ് ഗൗസും സഞ്ജയ് കൃഷ്ണമൂർത്തിയും നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യൻ ബൗളിംഗ് കരുത്തിന് മുന്നിൽ വഴിമാറി. നേരത്തെ തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ നായകൻ സൂര്യകുമാർ യാദവിന്‍റെ (84*) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. മധ്യനിരയിൽ സഞ്ജയ് കൃഷ്ണമൂർത്തിയും മിലിന്ദ് കുമാറും നടത്തിയ ചെറുത്തുനിൽപ്പാണ് അമേരിക്കയെ മത്സരത്തിൽ നിലനിർത്തിയത്.

ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായത് അമേരിക്കയ്ക്ക് തിരിച്ചടിയായി. സൈതേജ മുക്കമല്ലയെ (2) മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോൾ, നായകൻ മോനാങ്ക് പട്ടേലിന് (0) അർഷ്ദീപ് സിംഗിന്‍റെ പന്തിൽ റൺസൊന്നുമെടുക്കാതെ മടങ്ങേണ്ടി വന്നു. പിന്നാലെയെത്തിയ ആൻഡ്രീസ് ഗൗസ് 9 പന്തിൽ 6 റൺസെടുത്ത് സിറാജിന് തന്നെ വിക്കറ്റ് നൽകി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂർത്തിയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചു.34 പന്തിൽ 31 റൺസെടുത്ത മിലിന്ദ് കുമാറിനെ വരുൺ ചക്രവർത്തി ഇഷാൻ കിഷന്‍റെ കൈകളിൽ എത്തിച്ചു. ടീമിന്‍റെ ടോപ് സ്കോററായ സഞ്ജയ് കൃഷ്ണമൂർത്തി 31 പന്തിൽ നിന്ന് രണ്ട് സിക്സറുകളും ഒരു ഫോറുമടക്കം 37 റൺസ് നേടി അക്സർ പട്ടേലിന് വിക്കറ്റ് നൽകി. അവസാന ഓവറുകളിൽ ശുഭം രഞ്ജനെ (37) വേഗത്തിൽ റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല.ശുഭത്തിനെ അവസാന ഓവറിലെ അവസാന പന്തില്‍ സിറാജ് പുറത്താക്കി. ഹർമീത് സിംഗ് (0) റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ മുഹമ്മദ് മോഹ്‌സിൻ (8) അർഷ്ദീപിന്‍റെ പന്തിൽ തിലക് വർമ്മയ്ക്ക് ക്യാച്ച് നൽകി മടങ്ങി.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവർ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. മധ്യഓവറുകളിൽ വരുൺ ചക്രവർത്തി റൺസ് വിട്ടുനൽകുന്നതിൽ കാണിച്ച പിശുക്കും വിക്കറ്റ് നേട്ടവും അമേരിക്കയുടെ വേഗത കുറച്ചു. കൃത്യമായ പ്ലാനിംഗോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ അമേരിക്കയുടെ അട്ടിമറി മോഹങ്ങളെ തടയുകയായിരുന്നു.ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ അമേരിക്കൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര പതറിയിരുന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യയ്ക്ക് 161 റൺസ് മാത്രമേ നേടാനായുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴക്കുന്ന കാഴ്ചയാണ് കണ്ടത്.പവർപ്ലേ ഓവറുകൾ പൂർത്തിയാകുമ്പോൾ തന്നെ 4 പ്രധാന വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ ഒരു ഘട്ടത്തിൽ വലിയ തകർച്ചയെ അഭിമുഖീകരിച്ചു. ഓപ്പണർ അഭിഷേക് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ അലി ഖാന് വിക്കറ്റ് നൽകി മടങ്ങിയത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. പരിക്കു കാരണം സൂപ്പർ താരം ജസ്പ്രീത് ബുംറ ഈ മത്സരത്തിൽ കളിക്കാത്തതും ഇന്ത്യൻ നിരയിൽ വലിയ കുറവായി നിന്നു.

അമേരിക്കൻ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്കിന്‍റെ തകർപ്പൻ സ്പെല്ലാണ് ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലൊടിച്ചത്. ഒരോവറിൽ തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഷാൽക്വിക് ഇന്ത്യയെ ആറ് ഓവറുകളിൽ 46-ന് 4 എന്ന നിലയിലേക്ക് തള്ളിയിട്ടു. 4 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് ഷാൽക്വിക് സ്വന്തമാക്കിയത്. ഇഷാൻ കിഷൻ (20), തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയാണ് അദ്ദേഹം ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. അഭിഷേക് ശർമ്മയെ കൂടാതെ ശിവം ദുബെയും റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്.തകർച്ചയ്ക്കിടയിലും ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഉജ്ജ്വല ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 84 റൺസെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാറും റിങ്കു സിംഗും ചേർന്നാണ് സ്കോർ 161-ൽ എത്തിച്ചത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാത്തത് ആരാധകരെ നിരാശരാക്കി. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനെ പ്രഥമ പരിഗണന നൽകിയതും മധ്യനിരയിൽ തിലക് വർമ്മ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർക്ക് മുൻഗണന നൽകിയതും സഞ്ജുവിന് തിരിച്ചടിയായി. ഇഷാൻ കിഷൻ ഓപ്പണറായി ഇറങ്ങിയതിനാൽ സഞ്ജുവിന് പകരക്കാരനായി പുറത്തിരിക്കേണ്ടി വന്നു.