വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് : നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

 വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് : നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഉൾപ്പെടുത്തിയുള്ള ധനകാര്യ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ബിൽ പാസാക്കണമെന്ന് മുഖ്യമന്ത്രിക്ക് വാശിയാണെന്നും സഭാ നടപടികളിൽ ബിൽ ഒളിച്ചു കടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ധനകാര്യ ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് പാസാക്കിയവരാണ് ഇപ്പോൾ പരാതി പറയുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ എൽഡിഎഫിനെതിരെ ആരോപിച്ചു. പ്രതിപക്ഷത്തിൻ്റെ അഭാവത്തിൽ ബിജെപിയുടെ എതിർപ്പോടു കൂടി ബിൽ സഭയിൽ പാസാക്കി.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭ വിട്ട് പുറത്തേയ്ക്ക് ഇറങ്ങി. നാടിന് ആപത്ത് വരുത്താന്‍ മദ്യ വ്യാപനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അതീവ ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷമായിരിക്കണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. യുഡിഎഫില്‍ ഇന്നേവരെ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ ഇതുപോലുള്ള മദ്യം ഒഴുകുന്ന സാഹചര്യം വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്ത് കടുംപിടുത്തമാണ്. നടപ്പാക്കാന്‍ പോകുന്നു എന്ന് തരത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നടപ്പാക്കണം എന്ന വാശിയാണ് മുഖ്യമന്ത്രിക്ക്. ഇത്ര വലിയ വാശിക്കും നിര്‍ബന്ധത്തിനും ഇടയാക്കിയത് എന്താണ്? അദ്ദേഹം ചോദിച്ചു.ധനകാര്യ ബിൽ പാസാക്കുന്നതിന് മുൻപുള്ള ചർച്ച ആരംഭിക്കുന്നതിന് മുൻപാണ് കെ എൻ ബാലഗോപാൽ തടസവാദമായി ക്രമപ്രശ്‌നം ഉന്നയിച്ചത്. വിവാദമായ നികുതിയിളവ് സബ്‌ജക്‌ട് കമ്മിറ്റിക്കു വിടാതെ പാസാക്കുന്നത് ശരിയല്ലെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു. ബിൽ നാടിന് ആപത്താണെന്നും ഒളിച്ചു കടത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

നിയമസഭയുടെ മുകളിൽ ഭരണ സംവിധാനത്തെ പ്രതിഷ്ഠിക്കാനാണ് നീക്കം. തുടക്കത്തിൽ തന്നെ അഴിമതിക്ക് കളമൊരുങ്ങുന്നു. ബിൽ പാസായാൽ തീരുമാനം നടപ്പിലാക്കും. പിന്നീട് രാഷ്ട്രീയ തീരുമാനം എടുക്കുന്നതിൽ കാര്യമില്ല. ബിൽ പാസായാൽ മദ്യക്കമ്പനികൾക്ക് നിയമപരമായ അവകാശം ലഭിക്കും. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം തുടരുമെന്നും ബഹിഷ്ക രണത്തിന് മുൻപ് പിണറായി വിജയൻ പറഞ്ഞു.

 മറുപടിയുമായി മുഖ്യമന്ത്രി

ബിഎസിയിൽ ചർച്ചയ്ക്ക് വന്നപ്പോൾ യാതൊരു അഭിപ്രായവും പറയാത്ത പ്രതിപക്ഷം ഇപ്പോൾ വെറുതെ പ്രതിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകി. മുൻ എൽഡിഎഫ് സർക്കാർ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാതെയാണ് ധനകാര്യ ബിൽ പാസാക്കിയതെന്നും അതു തന്നെയാണ് ഇപ്പോൾ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിൽ ബിൽ പാസാക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത ബിജെപി ബില്ലിനെ എതിർക്കുകയും ചെയ്തു.ധനകാര്യ ബിൽ പാസാക്കുന്നതിന് മുൻപുള്ള ചർച്ച ആരംഭിക്കുന്നതിന് മുൻപാണ് കെ എൻ ബാലഗോപാൽ തടസവാദമായി ക്രമപ്രശ്‌നം ഉന്നയിച്ചത്. അതേസമയം ബാലഗോപാല്‍ ഉന്നയിക്കുന്ന പ്രശ്‌നം എന്താണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ബാലഗോപാല്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് പോയിട്ടുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു. ക്രമപ്രശ്‌നം ഉന്നയിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. കാര്യോപദേശക സമിതിയില്‍ അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം പോലും എതിര്‍ത്തിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് അവതരണം. ബാലഗോപാല്‍ മുന്‍പ് കൊണ്ടുവന്ന ബില്ലില്‍ ഊ ബില്ലില്‍ ഉള്ളതുപോലെ തന്നെ വ്യവസ്ഥകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ സ്പീക്കര്‍ കെ എന്‍ ബാലഗോപാലിൻ്റെ ക്രമപ്രശ്‌നം തള്ളി.