ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ പ്രകടനം! സൗത്ത് ആഫ്രിക്കയ്ക്ക് വിജയ ലക്ഷ്യം 176

ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ പ്രകടനം! സൗത്ത് ആഫ്രിക്കയ്ക്ക് വിജയ ലക്ഷ്യം 176

കട്ടക്ക്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ട്വൻ്റി ട്വൻ്റി മത്സരത്തിൽ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇന്ത്യ ആറു വിക്കറ്റ് നഷടത്തില്‍ 175 റണ്‍സ് നേടി.ദക്ഷിണാഫ്രിക്കയുടെ കൃത്യതയാർന്ന ബൗളിങ്ങിനു മുന്നിൽ മുൻനിര ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ലെങ്കിലും, മധ്യനിരയിൽ ഹാർദിക് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർമാരായ അഭിഷേക് ശർമയും (17), ശുഭ്മാൻ ഗില്ലും (4) വേഗത്തിൽ മടങ്ങി. നായകൻ സൂര്യകുമാർ യാദവിനും (12) വലിയ ഇന്നിംഗ്സ് പടുത്തുയർത്താനായില്ല. തുടർന്ന് തിലക് വർമയും (26) അക്സർ പട്ടേലും (23) ചേർന്ന് പതുക്കെ സ്കോർ ഉയർത്തി.

എന്നാൽ, നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ തൻ്റെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 28 പന്തുകൾ നേരിട്ട ഹാർദിക്, 6 സിക്സറുകളും 4 ബൗണ്ടറികളും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ശിവം ദുബെ (11), ജിതേഷ് ശർമ (10 നോട്ടൗട്ട്) എന്നിവർ പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 175 കടന്നു.ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായി. എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അഭിഷേക് ശർമ, അക്സർ പട്ടേൽ എന്നിവരെ പുറത്താക്കി ലുത്‌സ് സിപാംല രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ശിവം ദുബെയെ പുറത്താക്കിയത് ഡൊണോവൻ ഫെരേരയാണ്. മാർക്കോ ജാൻസൺ ക്യാച്ചുകൾ എടുക്കുന്നതിൽ മികവ് പുലർത്തി.ഹാർദിക് പാണ്ഡ്യയുടെ ഈ തകർപ്പൻ പ്രകടനമാണ് കളിയിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. 176 റൺസാണ് സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം