പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റിൻ്റെ പരീക്ഷണം വിജയകരo

പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റിൻ്റെ പരീക്ഷണം  വിജയകരo

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റിൻ്റെ (എൽആർജിആർ) പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡിഷയിലെ ചാന്ദിപൂർ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) ജൂലൈ എട്ടിനാണ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) പരീക്ഷണം നടത്തിയത്. 60 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള റോക്കറ്റിൻ്റെ ശേഷിയാണ് ഈ പരീക്ഷണത്തിൽ പ്രധാനമായും വിലയിരുത്തിയത്. ശത്രുക്കളുടെ താവളങ്ങൾ വളരെ വേഗത്തിൽ തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനമാണ് പിനാക. കാർഗിൽ യുദ്ധത്തിലുൾപ്പെടെ പിനാകയുടെ പ്രഹരശേഷി രാജ്യം കണ്ടതാണ്. 40 കിലോമീറ്റർ മുതൽ 75 കിലോമീറ്റർ വരെ ദൂരപരിധിയുള്ള റോക്കറ്റുകളാണ് നിലവിൽ സൈന്യത്തിൻ്റെ ഭാഗമായുള്ളത്. എന്നാൽ പുതിയതായി വികസിപ്പിച്ച ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റുകൾക്ക് 120 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി ഭേദിക്കാൻ സാധിക്കും. ഇതിൻ്റെ കുറഞ്ഞ ദൂരപരിധിയായ 60 കിലോമീറ്ററിലെ കൃത്യതയാണ് ചാന്ദിപൂരിൽ പരിശോധിച്ചത്..

കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത്

മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ച റോക്കറ്റ്, പൂർണ കൃത്യതയോടെയാണ് ലക്ഷ്യസ്ഥാനത്ത് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പറക്കൽ സമയത്തെ റോക്കറ്റിൻ്റെ എല്ലാ നീക്കങ്ങളും റഡാറുകളും മറ്റ് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ഡിആർഡിഒ സംഘം കൃത്യമായി വിലയിരുത്തിയിരുന്നു. നിലവിൽ സൈന്യം ഉപയോഗിക്കുന്ന പിനാക ലോഞ്ചറിൽ നിന്നുതന്നെയാണ് പുതിയ റോക്കറ്റും വിജയകരമായി വിക്ഷേപിച്ചത്. ഒരേ ലോഞ്ചറിൽ നിന്ന് തന്നെ വ്യത്യസ്ത ദൂരപരിധിയുള്ള റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുമെന്നത് ഇന്ത്യൻ സൈന്യത്തിന് വലിയ മുതൽക്കൂട്ടാകും. ഐടിആറും പ്രൂഫ് ആൻഡ് എക്സ്പിരിമെൻ്റൽ എസ്റ്റാബ്ലിഷ്മെൻ്റും സംയുക്തമായാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.

വികസനം പൂർണമായും ഇന്ത്യയിൽ

ഡിആർഡിഒയുടെ കീഴിലുള്ള ആർമമെൻ്റ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റാണ് (എആർഡിഇ) പിനാക എൽആർജിആർ രൂപകല്പന ചെയ്തത്. ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ലബോറട്ടറി, റിസർച്ച് സെൻ്റർ ഇമാരത് എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും ഇതിന് ലഭിച്ചിട്ടുണ്ട്. ദീർഘദൂര റോക്കറ്റുകളുടെ തദ്ദേശീയമായ നിർമാണത്തിൽ ഇന്ത്യ കൈവരിച്ച വലിയ നേട്ടമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പരീക്ഷണം വിജയകരമാക്കിയ ഡിആർഡിഒ, ഇന്ത്യൻ കരസേന, മറ്റ് വ്യവസായ പങ്കാളികൾ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ രാജേഷ് കുമാർ സിങ് പരീക്ഷണ നടപടികൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.