ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് പതിനാറാം പതിപ്പിന് ഇന്ന് തുടക്കമായി

ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് പതിനാറാം പതിപ്പിന് ഇന്ന് തുടക്കമായി

മുംബൈ: ഐസിസി അണ്ടർ 19 ലോകകപ്പ് പതിനാറാം പതിപ്പ് ഇന്ന് സിംബാബ്‌വെയിലും നമീബിയയിലുമായി ആരംഭിക്കും. ആറാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിൽ യുഎസ്എയെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്‌സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം കാണാം.ആയുഷ് മാത്രെ നയിക്കുന്ന 15 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ഇടം നേടിയിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ലോകകപ്പ് ടീമിൽ 2 മലയാളികൾ ഉൾപ്പെടുന്നത്. യുഎസ്എയ്ക്കു പുറമേ ബംഗ്ലദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾകൂടിയുള്ള ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.അണ്ടർ 19 ലോകകപ്പ് ഗ്രൂപ്പുകള്‍

16 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചുള്ള ഗ്രൂപ്പ് റൗണ്ടിനുശേഷം ഓരോ ഗ്രൂപ്പിലെയും 3 ടീമുകൾ വീതം സൂപ്പർ സിക്സ് റൗണ്ടിലെത്തും. 12 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ സിക്‌സ് മത്സരങ്ങൾ നടക്കുന്നത്. സൂപ്പർ സിക്സ് റൗണ്ടിനുശേഷം ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകൾ സെമിയിലേക്ക് മുന്നേറും.

ഗ്രൂപ്പ് എ: ഇന്ത്യ, ന്യൂസിലൻഡ്, യുഎസ്എ, ബംഗ്ലാദേശ്

ഗ്രൂപ്പ് ബി: പാകിസ്ഥാൻ, ഇംഗ്ലണ്ട്, സിംബാബ്‌വെ, സ്കോട്ട്‌ലൻഡ്

ഗ്രൂപ്പ് സി: ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, ജപ്പാൻ

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ടാൻസാനിയ, അഫ്‌ഗാനിസ്ഥാൻ

അണ്ടർ 19 ലോകകപ്പിൽ ഇതുവരെ അഞ്ച് കിരീടങ്ങൾ നേടിയ ഇന്ത്യയാണ് ഏറ്റവും വിജയകരമായ ടീം. നാല് തവണ ട്രോഫി നേടിയ ഓസ്‌ട്രേലിയയും രണ്ട് തവണ നേടിയ പാകിസ്ഥാനുമാണ് തൊട്ടുപിന്നിലുള്ളത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവർ ഓരോ തവണ വീതം വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും ഇന്ത്യ ഫൈനലിൽ എത്തിയിട്ടുണ്ട്. 2024 ലെ പതിപ്പില്‍ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാർ.

ലോകകപ്പിനുള്ള വേദികൾ

അണ്ടർ 19 ലോകകപ്പ് ആദ്യമായാണ് സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്നത്. അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ 25 മത്സരങ്ങൾക്ക് സിംബാബ്‌വെ ആതിഥേയത്വം വഹിക്കും. നമീബിയയില്‍ 16 മത്സരങ്ങളും നടക്കും. നമീബിയയിലെ എല്ലാ മത്സരങ്ങളും വിൻഡ്‌ഹോക്കിലെ രണ്ട് വേദികളിലാണ് നടക്കുക: നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട്, ഹൈ പെർഫോമൻസ് ഓവൽ. സിംബാബ്‌വെയിൽ, ഹരാരെ, ബുലവായോ എന്നീ രണ്ട് നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരി 6 ന് ഹരാരെ സ്‌പോർട്‌സ് ക്ലബില്‍ ഫൈനൽ നടക്കും.

ഇന്ത്യൻ അണ്ടർ 19 സ്ക്വാഡ്:

ആയുഷ് മാത്രെ (ക്യാപ്റ്റൻ), അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഡി.ദീപേഷ്, മുഹമ്മദ് ഇനാൻ, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ടു, കിഷൻ കുമാർ സിംഗ്, വിഹാൻ മൽഹോത്ര, ഉധവ് മോഹൻ, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, ഹർവൻഷ് സിംഗ്, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി.