കേന്ദ്രം കീഴടങ്ങി; വിദ്യാഭ്യാസ മന്ത്രിധർമേന്ദ്ര പ്രധാൻ രാജിവെച്ചു

കേന്ദ്രം കീഴടങ്ങി; വിദ്യാഭ്യാസ മന്ത്രിധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യുഡൽഹി  : സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലാ എന്നായിരുന്നു ഇന്നലെവരെയുള്ള  കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.

പൂനെയിൽ സിജെപി നയിച്ച  പ്രതിഷേധ മാർച്ച്‌ 

കോക്രോച്ച് ജനത പാർട്ടിയുടെയും (സിജെപി) പ്രതിപക്ഷത്തിൻ്റെയും നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുവജനപ്രക്ഷോഭത്തിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഒടുവിൽ മുട്ടുമടക്കിയത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെത്തുടർന്ന് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ ഏറ്റവും ശക്തമായ പോരാട്ടത്തിനൊടുവിൽ കൂടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത്. പരീക്ഷാ അഴിമതികളുടെ പേരിൽ ഒരു കേന്ദ്രമന്ത്രിക്ക് പദവി ഒഴുവാക്കേണ്ടി വരുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായാണ്. കഴിഞ്ഞ ദിവസം വരെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കി‌ല്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. പ്രതിസന്ധി ഘട്ടത്തിൽ പദവി ഒഴിഞ്ഞു പോകുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വാദിച്ചിരുന്നത്.

മന്ത്രിയെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും മാറ്റി മറ്റൊരു വകുപ്പ് നൽകാൻ സർക്കാർ ശ്രമിച്ചെങ്കിലും, വകുപ്പ് മാറ്റമല്ല രാജിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിജെപിയും ഒരുപോലെ ശക്തമായി ആവശ്യപ്പെട്ടു. സിജെപി പ്രതിനിധികളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ നടത്തിയ ചർച്ചയിൽ രാജി ഒഴികെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ പ്രധാന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ ഉറപ്പിച്ചു പറഞ്ഞതോടെ മൂന്നാംഘട്ട ചർച്ചയ്ക്ക് മുൻപ് തന്നെ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു.ജന്തർ മന്തറിലും സൻസദ് മാർഗിലും 35 ദിവസത്തിലേറെയായി തുടരുന്ന സമരമാണ് സിജെപി നയിച്ചത്. കഴിഞ്ഞ ജൂലൈ 20-ന് നടന്ന 'സംസദ് ചലോ' മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് വലിയ രീതിയിൽ ലാത്തിച്ചാർജ് നടത്തിയിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിലായിട്ടും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതും പ്രസ്ഥാനത്തിന് കരുത്തായി. 18-ഓളം ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ജന്തർ മന്തർ വേലി കെട്ടി തിരിച്ചും സുരക്ഷാ സേന സമരത്തെ അടിച്ചമർത്താൻ നോക്കിയെങ്കിലും വിദ്യാർഥി വീര്യം കുറഞ്ഞില്ല.പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷം ഒന്നടങ്കം ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഒരു ക്രിമിനൽ ആണെന്നും അദ്ദേഹത്തെ പുറത്താക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. പാർലമെൻ്റിലും തെരുവിലും ഒരേസമയം പ്രതിരോധത്തിലായതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിൻ്റെ കത്തിൻ്റെ പൂര്‍ണരൂപം ഇങ്ങനെ..

രാജിക്ക് പിന്നാലെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അന്വേഷണം ഉടൻ തന്നെ സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ വീണ്ടും പരീക്ഷ നടത്തി ജൂലൈ 16-ന് ഫലം പ്രഖ്യാപിച്ചു. ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും സിബിടി രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ 10 ദിവസമായി രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങളിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്ന് പ്രധാൻ കത്തിൽ പറയുന്നു. ജന്തർ മന്തറിലെ പ്രതിഷേധങ്ങളെ രാജ്യവിരുദ്ധ ശക്തികൾ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

"ഇന്ത്യയിലെ ഒരു വിദ്യാർഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ പെട്ട് ഇല്ലാതാകരുത്. നമ്മുടെ കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കരിയർ കെട്ടിപ്പടുക്കുകയും വേണം. അതുകൊണ്ട് മാത്രമാണ് ഞാൻ എൻ്റെ രാജിക്കത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് അയക്കുന്നത്." - ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

ആദ്യ ദിവസം മുതൽ ഉത്തരവാദിത്തം ഏറ്റെടുത്തു

പരീക്ഷാ മാഫിയകൾ കാരണം ഒരു വിദ്യാർഥിയുടെ പോലും ഭാവി തകരരുത് എന്ന നിർബന്ധം തനിക്കുണ്ടായിരുന്നു. ആദ്യ ദിവസം മുതൽ ഈ പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുത്തിരുന്നുവെന്നും ഇതിൽ നിന്നും ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. എങ്കിലും ചില വ്യക്തികൾ ബോധപൂർവ്വം വിദ്യാർഥികളെ വഴിതെറ്റിക്കാൻ ശ്രമിച്ചതിൽ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നൽകിയ മാർഗനിർദ്ദേശങ്ങൾക്കും വിശ്വാസത്തിനും മന്ത്രിസഭയിലെ സഹപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യസേവനമാണ് തൻ്റെ ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യമെന്നും ഭാവിയിലും ഭാരതമാതാവിനായും ഒഡിഷയിലെ ജനങ്ങൾക്കായും തന്റെ ജീവിതം സമർപ്പിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. ധർമേന്ദ്ര പ്രധാൻ്റെ രാജിയോടെ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതല ഇനി ആർക്കായിരിക്കുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കും.