കള്ളാടി മണ്ണിടിച്ചിൽ: "മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും"

കള്ളാടി മണ്ണിടിച്ചിൽ: "മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും"

വയനാട് : കള്ളാടിയിലുണ്ടായ മാരകമായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് . ദുരന്തത്തിൽ മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കമ്പനി അടിയന്തരമായി കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കള്ളാടി ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒമ്പത് പേരിൽ ആറ് പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകും. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ  അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടര ലക്ഷം രൂപയേക്കാൾ ഉയർന്ന തുക ലഭ്യമാക്കാൻ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്തെ റോഡുകളിലും ജനവാസ മേഖലകളിലും അടിഞ്ഞുകൂടിയ ടൺ കണക്കിന് മണ്ണ് എത്രയും വേഗം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രദേശത്തെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കായുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ താൽക്കാലികമായി തിരിച്ചുവിടും. ഈ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൃത്യമായ സുരക്ഷാ പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകപ്പിനെ  ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർച്ചു. അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹങ്ങൾ എൻഡിആർഎഫും സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.