"സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണെന്ന വസ്തുത അംഗീകരിക്കണം" : ഹൈക്കോടതി
എറണാകുളം : കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് സർക്കാരിൻ്റെ നിലപാട് എന്താണെന്നും, സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്നും ജസ്റ്റിസ് ചോദിച്ചു.സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണെന്ന വസ്തുത അംഗീകരിക്കണം. തിരഞ്ഞെടുപ്പിന് മുൻപുള്ള കേസുകളുടെ പേരിലല്ലേ ഇയാൾക്കെതിരെ ഇപ്പോൾ കാപ്പ ചുമത്തിയിരിക്കുന്നതെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് നിരീക്ഷിച്ച കോടതി, കേസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.മാധ്യമ അക്രഡിറ്റേഷൻ ഉള്ള പരിമിതമായ റിപ്പോർട്ടർമാരെ ചടങ്ങിൽ പ്രവേശിപ്പിക്കാനും അനുമതി നൽകിയേക്കും. കോടതി നിർദ്ദേശിക്കുകയാണെങ്കിൽ ജയിലിൽ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലറായ സുഗതൻ, മുൻപ് ചട്ടവിരുദ്ധമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി അത് അസാധുവാക്കിയ 20 ബി.ജെ.പി കൗൺസിലർമാരിൽ ഒരാളാണ്.

