ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെ സംസ്‌കാര ചടങ്ങ് നീട്ടിവച്ചു.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെ സംസ്‌കാര ചടങ്ങ് നീട്ടിവച്ചു.

ടെഹ്‌റാന്‍: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയിയുടെ സംസ്‌കാര ചടങ്ങ് നീട്ടിവച്ചു. യുഎസ്, ഇസ്രയേൽ സൈന്യം രാജ്യത്തുടനീളം നടത്തുന്ന തീവ്രമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്‌കാര ചടങ്ങ് നീട്ടിവച്ചതെന്ന് ഇറാൻ അധികൃതർ പറഞ്ഞു. ഖാമനേയിയുടെ സംസ്‌കാര ചടങ്ങ് മൂന്ന് ദിവസമായി നടത്തുമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ്റെ ഇസ്‌ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി ഹൊജ്ജതോലെസ്‌ലാം മഹമൂദി മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിൽ പൗരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന് അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ  രാത്രി 10 മണിക്ക് ടെഹ്‌റാനിലെ ഇമാം ഖാമനേയി പ്രാർഥനാ ഹാളിൽ ചടങ്ങ് നടക്കാനിരുന്നെങ്കിലും പിന്നീട് മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാൽ ആയത്തുള്ള അലി ഖാമനേയിയുടെ മരണത്തെ തുടർന്ന് ഇറാൻ നേതൃത്വത്തിനായി മറ്റൊരു നേതാവിനെ തെരഞ്ഞെടുത്തിട്ടില്ലെന്ന് മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റ് ജനറൽ എക്‌സ് പോസ്റ്റിൽ പറഞ്ഞു. 'ഇറാൻ അസംബ്ലി തെരഞ്ഞെടുപ്പ് നടത്തിയെന്നും നേതാവിനെ തെരഞ്ഞെടുത്തെന്നുമുള്ള വാർത്തകൾക്ക് പ്രസക്തിയില്ലെന്ന്' അദ്ദേഹം പറഞ്ഞു.

ഇറാനിൽ നടക്കുന്ന സംഘർഷങ്ങളുടെ പൂർണ ഉത്തരവാദിത്തം യുഎസിനും ഇസ്രയേലിനുമാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 'ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം മൂലമുണ്ടായ സായുധ ഏറ്റുമുട്ടലിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യാഘാതം മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. ഈ സംഘർഷത്തിൻ്റെ പൂർണ ഉത്തരവാദിത്തം വാഷിങ്‌ടണും ടെൽ അവീവും വഹിക്കുന്നു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണത്തിൻ്റെ ആദ്യ ദിവസം മുതൽ, റഷ്യ സജീവമായ നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണ്' റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ എക്‌സ് പോസ്റ്റിൽ പറഞ്ഞു.റഷ്യൻ പ്രസിഡൻ്റ് ഇതിനകം നിരവധി അറബ് നേതാക്കളുമായി ഫോൺ കോളുകൾ നടത്തിയിട്ടുണ്ടെന്നും വിഷയം ചർച്ച ചെയ്‌തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനിലുണ്ടായ കുട്ടികളുടെ മരണത്തെയും സഖരോവ ചോദ്യം ചെയ്‌തു. മിഡിൽ ഈസ്റ്റിലെ സംഘർഷം സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ്റെ നിലപാടില്ലായ്‌മയെയും അവർ വിമർശിച്ചു.