"രോഹിത്തിൻ്റെയും കോലിയുടേയും പരാജയം കാത്തിരിക്കുന്ന സെലക്‌ടര്‍മാരുണ്ട്"-മുഹമ്മദ് കൈഫ്

"രോഹിത്തിൻ്റെയും കോലിയുടേയും പരാജയം കാത്തിരിക്കുന്ന സെലക്‌ടര്‍മാരുണ്ട്"-മുഹമ്മദ് കൈഫ്

മുംബൈ: 2027-ലെ ഏകദിന ലോകകപ്പിലേക്ക് വെറ്ററന്മാരായ വിരാട് കോലിയെയും രോഹിത് ശര്‍മയേയും പിന്തുണച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പിന് മുമ്പ് ടീമില്‍ നിന്നും പുറത്താക്കുന്നതിനായി രോഹിത്തിൻ്റെയും കോലിയുടേയും പരാജയം കാത്തിരിക്കുന്ന ചില സെലക്‌ടര്‍മാരുണ്ട്. എന്നാല്‍ വേഗതയുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്‌ക്ക് നിര്‍ബന്ധമായും വേണ്ടതാണെന്നും കൈഫ് പറഞ്ഞു.ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച രോഹിത്തും കോലിയും നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിലൂടെയാണ് ഇരുവരും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഈ മൂന്ന് മത്സര പരമ്പരയ്‌ക്ക് മുമ്പ് തന്നെ ഇരുവരുടേയും വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇരുവരും പരാജയപ്പെട്ടത് ഇതിന് ശക്തി പകര്‍ന്നു. അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം മത്സരത്തില്‍ രോഹിത് തിളങ്ങിയപ്പോള്‍ കോലി പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം ഏകദിനം നടന്ന സിഡ്‌നിയില്‍ ഇരുവരും തകര്‍ത്താടി. സെഞ്ചുറിയുമായി നയിച്ച രോഹിത്തിന് (121) അര്‍ധ സെഞ്ചുറി നേടിയാണ് കോലി (74*) പിന്തുണ നല്‍കിയത്. 168 നീണ്ട ഇരുവരുടേയും അപരാജിത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്‌ക്ക് ഒമ്പത് വിക്കറ്റിൻ്റെ അനായാസ വിജയം ഒരുക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് കൈഫിൻ്റെ പ്രതികരണം വന്നത്."തങ്ങളുടെ പരാജയം കാണാന്‍ ആളുകള്‍ കാത്തിരിക്കുകയാണെന്ന് അവർക്കറിയാം. സെലക്‌ടർമാരും ചില മാധ്യമപ്രവർത്തകരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ രോഹിത്തും കോലിയും ദൃഢനിശ്ചയമുള്ളവരാണ്.അവരുടെ മുഖത്തേക്ക് നോക്കൂ... എത്ര ശാന്തതയോടെയും ഏകാഗ്രതയോടെയുമാണ് അവര്‍ കാണപ്പെട്ടത്. തങ്ങളെ ഈ ടീമില്‍ നിന്നും പുറത്താക്കുന്നതിന് ആര്‍ക്കും അവസരം നല്‍കില്ലെന്ന ദൃഢനിശ്ചയമാണ് അവര്‍ കാണിച്ചത്" - തൻ്റെ യൂട്യൂബ് ചാനലില്‍ കൈഫ് പറഞ്ഞു."ദക്ഷിണാഫ്രിക്കയിൽ രോഹിത്തും വിരാടും ടീമിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവർ കൊണ്ടുവരുന്ന അനുഭവ സമ്പത്ത് അത്രയും നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗൺസി ട്രാക്കിൽ നിങ്ങൾക്ക് രോഹിത് ശർമയെ ആവശ്യമാണ്. വിരാടും അങ്ങനെ തന്നെ.ഫാസ്റ്റ്, ബൗൺസി സ്ട്രിപ്പുകളിൽ അദ്ദേഹം നന്നായി കളിക്കുന്നു. പ്രായം വെറും ഒരു സംഖ്യയാണെന്ന് രോഹിത് ശർമ തെളിയിച്ചിട്ടുണ്ട്. അവർ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് അറിയാവുന്നതിനാൽ ആളുകൾ രോഹിത്തിനെയും വിരാടിനെയും പിന്തുണയ്ക്കുന്നു" - കൈഫ് കൂട്ടിച്ചേർത്തു.