ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍

ഒമാൻ  : ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍ നടക്കും. ആണവ കരാര്‍ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ശ്രമിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്‌ചി പറഞ്ഞു. യുദ്ധത്തിനും സമാധാനത്തിനും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍റെ മധ്യസ്ഥതയിലാണ് അമേരിക്കന്‍ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും അര്ഘ്‌ചിയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.

ആണവ ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം ഇറാനെതിരെ യുഎസിന്‍റെ ആക്രമണം ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്. അതേസമയം ആക്രമണം നടത്തുന്ന പക്ഷം ഇറാന്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് പാര്‍ലമെന്‍ററി സ്‌പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബാഫ് പറഞ്ഞു. നേരത്തെ നടന്ന രണ്ട് ഘട്ട ചര്‍ച്ചകളിലും ആണവ കരാര്‍ സംബന്ധിച്ച് ധാരണയായിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ പശ്ചിമേഷ്യന്‍ തീരത്ത് അമേരിക്ക സൈനിക സന്നാഹം ശക്തിപ്പെടുത്തി.

 ട്രംപിന്‍റേത് വലിയ നുണകള്‍ 

 ട്രംപിന്‍റേത് വലിയ നുണകളാണെന്നാണ്  കഴിഞ്ഞ ദിവസം ഇറാന്‍പറഞ്ഞിരുന്നു . ട്രംപിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അന്താരാഷ്‌ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം  ശ്രമിക്കുന്നതെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന യുഎസിന്‍റെ പ്രസ്‌താവനക്കെതിരെയാണ് ഇറാന്‍ ആഞ്ഞടിച്ചത്.ഇറാന്‍ വലിയ തോതില്‍ ആണവായുധം നിര്‍മിക്കുന്നുവെന്നും അവര്‍ ലോകത്തിന് വലിയ ഭീഷണിയാണെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. എന്നാല്‍ ട്രംപിന്‍റേത് വെറും നുണ പ്രചാരണങ്ങള്‍ മാത്രമാണെന്നും തങ്ങളുടെ ആണവ പദ്ധതി പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി.

ഇതെല്ലാം യുഎസ് തന്ത്രം മാത്രം: എന്നാലിത് യുഎസിന്‍റെ പുതിയ തന്ത്രമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ പ്രചരിപ്പിച്ച അതേ നുണകളാണ് വീണ്ടും പ്രചരിപ്പിക്കുന്നത്.ആണവായുധങ്ങള്‍ തങ്ങളുടെ പ്രതിരോധ നയത്തിലില്ലെന്ന് തങ്ങള്‍ പലവട്ടം വ്യക്തമാക്കി കഴിഞ്ഞൂവെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രസ്‌താവനകള്‍ സമാധാനം തകര്‍ക്കാനുള്ളതാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് ഇറാന്‍റെ ആണവ കരാറിൽ നിന്ന് അദ്ദേഹം ഏകപക്ഷീയമായി പിന്മാറിയിരുന്നു. എന്നാല്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം ഇറാനെതിരെ കൂടുതൽ കർക്കശമായ നിലപാടുകൾ സ്വീകരിക്കും എന്നതിന്റെ സൂചനയായാണ് പുതിയ പ്രസ്‌താവനകളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.