മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട മാധ്യമങ്ങൾക്ക് വിലങ്ങുവീണ ദേശീയ അടിയന്തരാവസ്ഥയുടെ നടക്കുന്ന ഓർമകൾക്ക് ഇന്ന് അഞ്ച് പതിറ്റാണ്ട്

മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട  മാധ്യമങ്ങൾക്ക് വിലങ്ങുവീണ ദേശീയ അടിയന്തരാവസ്ഥയുടെ  നടക്കുന്ന ഓർമകൾക്ക് ഇന്ന് അഞ്ച് പതിറ്റാണ്ട്

മുംബൈ: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത  അധ്യായങ്ങളിലൊന്നായ ദേശീയ അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 50 വർഷം തികയുകയാണ്. 1975 ജൂൺ 25-ന് അർധരാത്രിയോടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരമായിരുന്നു ഈ നടപടി. തുടർന്ന് ജൂൺ 26-ന് രാജ്യം ഔദ്യോഗികമായി അടിയന്തരാവസ്ഥയിലേക്ക് പ്രവേശിച്ചു. അടുത്ത 21 മാസക്കാലം ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും മാധ്യമസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സമാനതകളില്ലാത്ത പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോയത്.ഔദ്യോഗികമായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയതെങ്കിലും, രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനായിരുന്നു ഈ തീരുമാനം എന്ന വിമർശനം ഇന്നും ശക്തമാണ്. അടിയന്തരാവസ്ഥ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ, ഏകദേശം 21 മാസം നീണ്ടുനിന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യ അവകാശങ്ങൾ ഏറ്റവും കൂടുതൽ നിയന്ത്രിക്കപ്പെട്ട കാലഘട്ടമായി ഇതിനെ ചരിത്രം രേഖപ്പെടുത്തുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ സംഭവങ്ങൾ

1970-കളുടെ തുടക്കത്തിൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. എണ്ണവില വർധന, ഉയർന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം എന്നിവ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും തൊഴിലാളി സമരങ്ങളും ശക്തമായി. ഈ സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകനും ഗാന്ധിയൻ നേതാവുമായ ജയപ്രകാശ് നാരായൺ സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. “സമ്പൂർണ വിപ്ലവം” (Total Revolution) എന്ന മുദ്രാവാക്യവുമായി അദ്ദേഹം ജനങ്ങളെ അണിനിരത്തി.അതേസമയം, 1971ലെ റായ്ബറേലി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചോദ്യം ചെയ്ത് എതിരാളിയായ രാജ് നാരായൺ സമർപ്പിച്ച ഹർജിയിൽ 1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചു. ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നും ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും കോടതി വിധിച്ചു. ഈ വിധി രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. പ്രതിപക്ഷം ഇന്ദിരാ ഗാന്ധിയോട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അധികാരം ഒഴിയാൻ തയ്യാറാകാതിരുന്ന ഇന്ദിരാ, ജൂൺ 25-ന് അർധരാത്രിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

ജൂൺ 25-ന് രാത്രി വൈകിയാണ് തീരുമാനം എടുത്തത്. അർധരാത്രി കഴിഞ്ഞപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ അടിയന്തരാവസ്ഥ നിലവിൽ വന്നു. രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങി.ജയപ്രകാശ് നാരായൺ,മൊറാർജി ദേശായി,അറ്റൽ ബിഹാരി വാജ്പേയിലാൽകൃഷ്ണ അദ്വാനി,ജോർജ് ഫെർണാണ്ടസ്,ചരണ്‍ സിങ്,അനേകം പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും തടവിലാക്കപ്പെട്ടു .ആർ.എസ്.എസ്,ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസും എ കെ ഗോപാലനേപ്പോലുള്ള കമ്യൂണിസ്റ്റ്(മാര്ക്സിസ്റ്റ്) നേതാക്കളും ധാരാളം അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകമായി പീഡിപ്പിക്കപ്പെട്ടു.

പുലർച്ചെയോടെ ആകാശവാണിയിലൂടെ ഇന്ദിരാ ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചു.

അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ) നേതാവ്‌ സി. അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധിയുടെ വൃന്ദത്തിൽപ്പെട്ട പ്രമുഖ കോൺഗ്രസ്സ് നേതാവ്‌ കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. വളരെ കുപ്രസിദ്ധി ആർജ്ജിച്ച രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തുസംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്രമന്ത്രിസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനയുടെ 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിര സ്വയം അമിതമായ അധികാരങ്ങൾ നൽകി. പൗരാവകാശങ്ങൾക്കും രാഷ്ട്രീയ എതിർപ്പിനും എതിരെ വ്യാപകമായ അടിച്ചമർത്തൽ തുടങ്ങി. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല. രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു സർക്കാർ ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ അരോപിച്ചു. വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെയും പാർട്ടിയിലും അനുയായികൾ വിട്ടുപോവുന്നതിനും ഇത് കാരണമായി.ഇന്ദിരഗാന്ധിയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് ഇന്ദിര രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അണികളെയും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തു.

 1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാർച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ ആ 21 മാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ  ദുരന്തനാളുകളായാണ് ഇന്നും സ്മരിക്കപ്പെടുന്നത്.