ഇന്ത്യയും ഒമാനും തമ്മിൽ വ്യാപാര കരാർ; സ്വതന്ത്ര വ്യാപാരത്തിന് വഴിതുറന്ന് മോദിയും സുൽത്താനും

മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിൽ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (സിഇപിഎ) ഒപ്പുവച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം നേതാക്കൾ വിലയിരുത്തുകയും സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

മൂന്നു രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി ബുധനാഴ്ച ഒമാനിലെത്തിയത്. സുൽത്താൻ ഹൈതമിൻ്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഈ സന്ദർശനം. ഒമാനിലെത്തുന്നതിനുമുമ്പ് അദ്ദേഹം എത്യോപ്യയും ജോർദാനും സന്ദർശിച്ചിരുന്നു. മസ്‌കറ്റിലെ അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യ-ഒമാൻ ബന്ധത്തിലെ ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാപാര വാണിജ്യ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് പുതിയ കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.ചരിത്രപരമായ നാഴികക്കല്ല്

സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പുവച്ചതിനെ ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും വിശേഷിപ്പിച്ചത്. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഒമാൻ്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി കൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ചേർന്നാണ് കരാർ ഒപ്പുവച്ചത്. ഈ കരാർ ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു. പുതിയ കരാർ നിലവിൽ വരുന്നതോടെ ചരക്കുനീക്കം, നിക്ഷേപം, സേവന മേഖലകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യ നിരവധി സ്വതന്ത്ര വ്യാപാര കരാറുകളിൽ (എഫ്‌ടിഎ) ഒപ്പുവച്ചിട്ടുണ്ട്. ഇത് കർഷകർക്കും വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും നേട്ടങ്ങൾ നൽകുന്നതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള സിഇപിഎ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ആത്മവിശ്വാസവും ഊർജവും നൽകുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയുടെ പ്രധാന പങ്കാളി

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. ഇതിനകം തന്നെ യുഎഇയുമായി സമാനമായ കരാർ ഇന്ത്യയ്ക്കുണ്ട്. 2022 മേയ് മാസത്തിലാണ് അത് പ്രാബല്യത്തിൽ വന്നത്. 2024-25ൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.5 ബില്യൺ ഡോളറായിരുന്നു. ഇതിൽ കയറ്റുമതി 4 ബില്യൺ ഡോളറും ഇറക്കുമതി 6.54 ബില്യൺ ഡോളറുമാണ്.

പെട്രോളിയം ഉത്പന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതികൾ. ഇവ ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും വരും. പ്രൊപ്പിലീൻ, ഇഥിലീൻ പോളിമറുകൾ, പെറ്റ് കോക്ക്, ജിപ്‌സം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, ഉരുക്കാത്ത അലുമിനിയം എന്നിവയും പ്രധാന ഉത്പന്നങ്ങളാണ്. ധാതു ഇന്ധനങ്ങൾ, രാസവസ്തുക്കൾ, വിലയേറിയ ലോഹങ്ങൾ, ഇരുമ്പ്, ഉരുക്ക്, ധാന്യങ്ങൾ, കപ്പലുകൾ, ബോട്ടുകൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, ബോയിലറുകൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് ഇന്ത്യയുടെ ഒമാനിലേക്കുള്ള പ്രധാന കയറ്റുമതി ഇനങ്ങൾ.

തന്ത്രപരമായ പങ്കാളിത്തം

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളാണ് നേതാക്കൾ ചർച്ച ചെയ്തത്. പ്രതിരോധം, സുരക്ഷ, വ്യാപാരവും നിക്ഷേപവും, ഊർജം, കൃഷി, സാങ്കേതികവിദ്യ, പുതിയതും ഉയർന്നുവരുന്നതുമായ മറ്റ് മേഖലകൾ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവച്ചു. തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള യോജിച്ചുള്ള പ്രവർത്തനങ്ങളുടെ ആവശ്യകതയും കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. പ്രാദേശികവും ആഗോളവുമായി താത്പര്യമുള്ള വിഷയങ്ങളും അവർ ചർച്ച ചെയ്തു. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിൽ ഒന്നാണ് ഒമാൻ.

മോദിക്ക് പരമോന്നത ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ഒമാൻ ആദരിച്ചു. ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരമാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിക്ക് സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ബഹുമതി നൽകിയത്. എലിസബത്ത് രാജ്ഞി, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുല്ല അടക്കമുള്ളവർക്ക് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ സുഖാന്വേഷണം "സുഖമാണോ ?"

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ പ്രധാനമന്ത്രി ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ വച്ച് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മദീനത്തുൽ ഇർഫാൻ തിയറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളം പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ‘സുഖമാണോ’ എന്ന് അദ്ദേഹം മലയാളത്തിൽ ചോദിച്ച ശേഷമാണ് സംസാരിച്ചത്. ഒമാനിൽ ധാരാളം മലയാളികൾ ഉണ്ടെന്നും തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗൾഫ് രാഷ്ട്രത്തിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്.