താരിഫിനെ വിമർശിച്ചുള്ള പരസ്യം: കാനഡയ്‌ക്ക് 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 10% അധിക തീരുവ വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. താരിഫിനെതിരെ ഒൻ്റാറിയോ പ്രവിശ്യ സംപ്രേഷണം ചെയ്‌ത ടെലിവിഷൻ പരസ്യമാണ് ട്രംപിനെ പ്രകോപിച്ചത്.ആസിയാൻ ഉച്ചകോടിയില്‍ പങ്കെടുക്കാൻ മലേഷ്യയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "വസ്‌തുതകളെ ഗുരുതരമായി തെറ്റായി ചിത്രീകരിക്കുന്നതും ശത്രുതാപരമായ പ്രവൃത്തിയും കാരണം, കാനഡയ്ക്ക് ഇപ്പോൾ നൽകുന്നതിനേക്കാൾ 10% അധിക താരിഫ് ഞാൻ വർധിപ്പിക്കുന്നു," അദ്ദേഹം കുറിച്ചു.കനേഡിയൻ കയറ്റുമതിയുടെ മുക്കാൽ ഭാഗവും യുഎസിലേക്കാണ് പോകുന്നത്, ഏകദേശം 3.6 ബില്യൺ ഡോളർ കനേഡിയൻ (2.7 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള ഉല്‍പന്നങ്ങല്‍ കാനഡയില്‍ അമേരിക്കയിലേക്ക് എത്തുന്നുണ്ട്. നിലവില്‍ പല കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 35% താരിഫ് ചുമത്തിയിട്ടുണ്ട്, അതേസമയം സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50% നിരക്കാണ്. ഊർജ്ജ ഉൽപ്പന്നങ്ങൾക്ക് 10% കുറഞ്ഞ നിരക്കാണുള്ളത്, ഭൂരിഭാഗം സാധനങ്ങളും യുഎസ്-കാനഡ-മെക്സിക്കോ കരാറിൻ്റെ പരിധിയിൽ വരുന്നവയാണ്, അവയെ താരിഫുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.മുൻ പ്രസിഡൻ്റ് റൊണാൾഡ് റീഗന്റെ വാക്കുകൾ ഉപയോഗിച്ചാണ് കാനഡ പരസ്യത്തിലൂടെ യുഎസ് താരിഫുകളെ വിമർശിച്ചിരുന്നത്. പരസ്യം പിൻവലിക്കുമെന്ന് ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളെ വഞ്ചിച്ച് വേൾഡ് സീരീസിൻ്റെ ആദ്യ ഗെയിമിനിടെ അത് പ്രദർശിപ്പിച്ചുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.രണ്ട് തവണ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രിയപ്പെട്ട വ്യക്തിയുമായ റീഗൻ്റെ നിലപാടിനെ പരസ്യം തെറ്റായി ചിത്രീകരിച്ചുവെന്ന് ട്രംപ് പറഞ്ഞു.
അധിക ഇറക്കുമതി നികുതി ചുമത്താൻ ട്രംപ് ഏത് നിയമപരമായ അധികാരം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 10% വർധനവ് എപ്പോൾ പ്രാബല്യത്തിൽ വരുമെന്നും എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകുമോ എന്നത് സംബന്ധിച്ചും ട്രംപ് മറുപടി നൽകിയിട്ടില്ല. അതേസമയം, ട്രംപിൻ്റെ താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ട്രംപുമായി സഹകരിച്ച് താരിഫ് കുറയ്‌ക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ തിരിച്ചടി നേരിട്ടത്