ഇറാനില്‍ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനനൽകി ട്രംപ്
വാഷിങ്ടണ്‍: പശ്ചിമേഷയിയില്‍ സംഘര്‍ഷം കടുത്തിരിക്കെ ഇറാനില്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്ന ആശ്വാസ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കാര്യങ്ങള്‍ വിചാരിച്ചതിലും പെട്ടെന്ന് നടന്നെന്നും സൈനിക നടപടി വളരെ വേഗം അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം എന്ന് യുദ്ധം അവസാനിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.ഫ്ലോറിഡയിൽ നടന്ന പത്രസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റ് ഈ പ്രസ്‌താവവന നടത്തിയത്. ഇറാന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസം കാണിക്കാന്‍ മുതിര്‍ന്നാല്‍ രാജ്യം തന്നെ തുടച്ച് നീക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു, ഇതിന് പിന്നാലെയാണ് നിലപാട് മാറ്റിയത്.
'യുദ്ധം വൈകാതെ അവസാനിക്കും, അതല്ല, വീണ്ടും തുടരാനാണ് അവരുടെ നീക്കമെങ്കില്‍ കഠിനമായിരിക്കും കാര്യങ്ങള്‍. ചില ആളുകളെ ഒഴിവാക്കാന്‍ അടിയന്തരമായി ഇടക്കാല സൈനിക നടപടി സ്വീകരിക്കേണ്ടി വന്നു' വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു."അവർ മിഡിൽ ഈസ്റ്റ് ഏറ്റെടുക്കാൻ പോകുകയായിരുന്നു. അവർ ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനാൽ ഞങ്ങൾ അത് സമയബന്ധിതമായി അസാനിപ്പിച്ചു. ഇതിൽ പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് വളരെ അഭിമാനമുണ്ട്. ഇത് ഉടൻ തന്നെ അവസാനിപ്പിക്കാൻ പോകുന്നു, ഇറാന്‍ വീണ്ടും ആരംഭിച്ചാൽ അവർക്ക് കൂടുതൽ തിരിച്ചടി നേരിടേണ്ടിവരും. അവരുടെ നേതൃത്വം ഉൾപ്പെടെ അവർക്കുള്ളതെല്ലാം പോയി. എല്ലാ മേഖലയിലുള്ള നേതൃത്വവും അവര്‍ക്ക് നഷ്‌ടപ്പെട്ടു. അതിനാൽ ആക്രമണങ്ങള്‍ ശക്തവും ഫലപ്രദവുമായിരുന്നു" ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ആദ്യ രണ്ട് ദിവസങ്ങളിൽ ഇറാൻ്റെ സൈന്യം തുടച്ചുനീക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനിപ്പോള്‍ നേവിയോ, ആശയ വിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം അമേരിക്കയും സഖ്യകക്ഷികളും ജയിച്ചു കഴിഞ്ഞുവെങ്കിലും നിലവിലുള്ള അപകടത്തെ തുടച്ച് നീക്കിയാല്‍ മാത്രമേ സമ്പൂര്‍ണ വിജയമാകുകയുള്ളൂവെന്നും യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി.ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മൊജ്‌തബ ഖമേനിയെക്കുറിച്ച് മാധ്യമപ്രവർത്തകരിൽ നിന്ന് ചോദ്യങ്ങൾ ഉയര്‍ന്നപ്പോള്‍ ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചു. "രാജ്യത്തിന് കൂടുതൽ സമാനമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ഞങ്ങൾ കരുതുന്നു. തെരഞ്ഞെടുപ്പില്‍ നിരാശനാണ്" ട്രംപ് മറുപടി പറഞ്ഞു.
പുടിനും ട്രംപും ഫോണ്‍ സംഭാഷണം നടത്തി
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇറാൻ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ക്രെംലിൻ അറിയിച്ചു. ഇരുവരുടെയും ഫോണ്‍ സംഭാഷണത്തിനിടയാണ് വ്യക്തവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാൻ സംഘർഷം: ചർച്ചയിലെ പ്രധാന വിഷയം ഇറാനിലെ നിലവിലെ യുദ്ധസാഹചര്യമായിരുന്നു. ഇറാൻ പ്രശ്‌നത്തിന് പെട്ടെന്നുള്ള രാഷ്ട്രീയ-തന്ത്രജ്ഞ പരിഹാരം കാണുന്നതിനായുള്ള ചില നിർദേശങ്ങൾ പുട്ടിൻ ട്രംപുമായി പങ്കുവെച്ചു. അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ ട്രംപ് പുട്ടിനെ അറിയിക്കുകയും ചെയ്‌തു.
ഉക്രെയ്ൻ യുദ്ധം: ഉക്രെയ്‌നിൽ എത്രയും വേഗം ഒരു വെടിനിർത്തൽ നടപ്പാക്കുന്നതിലും ദീർഘകാല സമാധാനം കൊണ്ടുവരുന്നതിലും തനിക്കുള്ള താല്പര്യം ട്രംപ് ആവർത്തിച്ചു. ഉക്രെയ്ൻ ചർച്ചകൾക്ക് തയ്യാറാകണമെന്ന് പുട്ടിൻ സൂചിപ്പിച്ചു.
വെനിസ്വേലയും എണ്ണ വിപണിയും: ആഗോള എണ്ണ വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വെനിസ്വേലയിലെ സാഹചര്യയും ഇരുവരും സംസാരിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണവില വർധിക്കുന്നത് ചർച്ചയായി.