'എപ്‌സ്‌റ്റീന്‍റെ പീഡനങ്ങളെ കുറിച്ചെല്ലാം ട്രംപിനറിയാം'; വെളിപ്പെടുത്തലുകളുമായി പുതിയ ഇമെയില്‍

വാഷിങ്‌ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീൻ്റെ പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെൺകുട്ടികളെക്കുറിച്ചും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അറിയാമായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. 2019ൽ ഒരു പത്രപ്രവർത്തകന് എപ്‌സ്‌റ്റീൻ അയച്ച ഇമെയിലിലാണ് ട്രംപിൻ്റെ പങ്കിനെപ്പറ്റി പറയുന്നത്. എന്നാൽ അദ്ദേഹത്തിന് എന്ത് അറിയാമായിരുന്നുവെന്നും ലൈംഗിക കുറ്റവാളിയുടെ കുറ്റകൃത്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും വ്യക്തമല്ല.
ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്‌സ്‌റ്റീൻ്റെ ഇമെയിൽ പുറത്ത് വിട്ടത്. 2011ൽ എപ്‌സ്‌റ്റീൻ കേസുകളിലെ ഇരകളോടൊപ്പം ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചൂവെന്നും ഇമെയിലിൽ പറയുന്നുണ്ട്. അതേസമയം എപ്‌സ്‌റ്റീൻ്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിവ് നിരന്തരം നിഷേധിക്കുകയും വർഷങ്ങൾക്ക് മുമ്പ് അവരുടെ ബന്ധം അവസാനിപ്പിച്ചതായും ട്രംപ് നേരത്തെ പറഞ്ഞിട്ടുണ്ട്.
2011ൽ ഡെമോക്രാറ്റുകൾ പുറത്തിറക്കിയ ഇമെയിലിൽ ഇരയുടെ പേര് മറച്ചുവച്ചിരുന്നു. എന്നാൽ പിന്നീട് അത് വിർജീനിയ ഗിയുഫ്രെ ആണെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. ഫെഡറൽ കുറ്റങ്ങളിൽ വിചാരണ കാത്തിരിക്കുന്നതിനിടെ 2019ലാണ് ന്യൂയോർക്ക് ജയിലിൽ എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്യുന്നത്.
തന്നെ ഇരയാക്കിയ പുരുഷന്മാരിൽ ട്രംപ് ഇല്ലെന്ന് ഗിയുഫ്രെ പറഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടുള്ള എപ്‌സ്‌റ്റീൻ്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ട്രംപിന് എന്തെങ്കിലും അറിവുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.അടുത്തിടെ പുറത്തിറങ്ങിയ തൻ്റെ ഓർമ്മക്കുറിപ്പിൽ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ ക്ലബ്ബിൽ സ്‌പാ അറ്റൻഡൻ്ററായി ജോലി ചെയ്‌തിരുന്ന കാലത്ത് ട്രംപിനെ ഒരിക്കൽ മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം തെറ്റ് ചെയ്‌തതായി ആരോപിച്ചിട്ടില്ലെന്നും ഗിയുഫ്രെ പറഞ്ഞു.ക്ലബിൽ ജോലി ചെയ്‌തിരുന്ന തൻ്റെ പിതാവാണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്നും ഗിയുഫ്രെ ഇമെയിലിൽ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം ബേബി സിറ്റിങ് ജോലികൾ ലഭിക്കാൻ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഗിയുഫ്രെ വ്യക്തമാക്കി.
പ്രതികരിച്ച് വൈറ്റ് ഹൗസ്:
അതേസമയം ട്രംപിനെ അപകീർത്തിപ്പെടുത്താൻ വേണ്ടി ഡമോക്രാറ്റുകൾ സൃഷ്‌ടിച്ച വ്യാജ ഇമെയിലാണ് ഇതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ഡെമോക്രാറ്റുകൾ ജെഫ്രി എപ്‌സ്‌റ്റൈൻ തട്ടിപ്പ് വീണ്ടും ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുകയാണ്. കാരണം ഗവൺമെൻ്റ് അടച്ചുപൂട്ടലിലും മറ്റ് നിരവധി വിഷയങ്ങളിലും അവർ എത്ര മോശമായാണ് പ്രവർത്തിച്ചത് എന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ എന്തും ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപുമായി ബന്ധപ്പെട്ട ഇമെയിലുകൾ ഡെമോക്രാറ്റുകൾ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ കമ്മിറ്റി റിപ്പബ്ലിക്കൻമാർ എപ്‌സ്‌റ്റിൻ്റെ എസ്‌റ്റേറ്റിൽ നിന്നുള്ള 20,000 പേജുള്ള രേഖകൾ കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. എപ്‌സ്‌റ്റീൻ വർഷങ്ങളായി എഴുതിയ ഇമെയിലുകൾ ഇതിൽ ഉൾപ്പെടുന്നു.