സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്‌ച: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന അവകാശ വാദം ആവര്‍ത്തിച്ച് ട്രംപ്

 സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്‌ച: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന അവകാശ വാദം ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്‌ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ആവർത്തിച്ച് യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ  സൗദി കിരീടാവകാശിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ട്രംപ്. ഈ അവസരത്തിലാണ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.

സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലാണ് ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തിയത്. "എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. എനിക്ക് അത്‌ഭുതം തോന്നുന്നു. യുദ്ധം അവസാനിപ്പാക്കാൻ ഞാൻ വിചാരിച്ചതിലും സമയം എടുത്തു. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് സാധിച്ചു", എന്നാണ് ട്രംപ് പറഞ്ഞത്.വീണ്ടും തുടങ്ങിയേക്കാവുന്ന ഒരു യുദ്ധമാണ് താനായിട്ട് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യ വളരെ നന്നായി പ്രവർത്തിച്ചു. ആവശ്യത്തിനും സഹായത്തിനും ഫോൺ വഴി ബന്ധപ്പെട്ടു. കൂടാതെ നേതാക്കൾ നേരിട്ട് ഈ ഓവൽ ഓഫിസിൽ എത്തി. ഇവിടെ എത്തിയതിന് ശേഷമാണ് സമാധാന കരാറുകളിൽ ഒപ്പുവച്ചത്. സൗദി കിരീടാവകാശിയേയും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘത്തെയും മുൻനിർത്തിയാണ് ട്രംപ് തൻ്റെ അവകാശവാദം ഉന്നയിച്ചത്.മെയ്‌ പത്തിന് വാഷിങ്‌ടണിൻ്റെ മധ്യസ്ഥതയിൽ നടന്ന നീണ്ട രാത്രി ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഒരു പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ സാധിച്ചു. ഇത് തൻ്റെ കഴിവുകൊണ്ടാണെന്നും ട്രംപ് പലതവണ ആവർത്തിക്കുകയുണ്ടായി.

തുടർന്ന് മൂന്നാം കക്ഷി ഇടപെടലുകളെ ഇന്ത്യ നിരന്തരം നിഷേധിച്ചു എന്നും ട്രംപ് എടുത്തു പറഞ്ഞു. മെയ് മാസത്തെ സംഘർഷത്തിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് ട്രംപാണെന്ന വാദം ഉന്നയിക്കപ്പെട്ടപ്പോൾ ഇതിനെ പ്രശംസിച്ച് കൊണ്ട് നിരവധി തവണ പാകിസ്ഥാൻ കടന്നുവരികയും ചെയ്‌തു.ഏപ്രില്‍ ഇരുപത്തിരണ്ടിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതോടെയാണ് പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളുടെ മേൽ ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിൽ ആക്രമണം അഴിച്ചുവിട്ടത്.

പിന്നീട് പാകിസ്ഥാന്‍ പ്രതികാര ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ സായുധ സേന കനത്ത മറുപടി നല്‍കിയിരുന്നു. പാക് വ്യോമ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആക്രമിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികാരം. പിന്നാലെ പാകിസ്ഥാന്‍ ഡിജിഎംഒ അഭ്യര്‍ഥിച്ചതോടെയാണ് വെടിനിര്‍ത്തലിലേക്ക് എത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.