"ആ ലക്ഷ്യത്തോട് കൂടുതല്‍ അടുത്താണ് ഞങ്ങള്‍": റഷ്യ-യുക്രെയ്‌ൻ സമാധാന കരാർ അവസാന ലാപ്പിലേക്കെന്ന് ട്രംപ്

വാഷിങ്‌ടണ്‍ : നാലു വർഷമായി തുടരുന്ന റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അവസാന ലാപ്പിലേക്കെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ബെർലിനിൽ യൂറോപ്യൻ നേതാക്കളും യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെത്തുടർന്ന് ആണ് ട്രംപിന്‍റെ പ്രസ്‌താവന.റഷ്യ-യുക്രെയ്‌ൻ സമാധാന കരാറുമായി ബന്ധപ്പെട്ട് ജർമ്മനി, ഇറ്റലി, ഫ്രാൻസ്, യുകെ, പോളണ്ട്, നോർവേ, ഡെൻമാർക്ക്, ഫിൻലാൻഡ്, നെതർലൻഡ്‌സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്‌ക്ക് വലിയ പിന്തുണ ഉണ്ടെന്നും ട്രംപ് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കള്‍ ഈ യുദ്ധത്തിന് ഒരന്ത്യം കാണാൻ ആഗ്രഹിക്കുന്നു എന്നും ട്രംപ് വൈറ്റ് ഹൗസില്‍ പ്രതികരിച്ചു.
"ഞങ്ങൾ സമാധാന കരാർ പൂർത്തിയാക്കാൻ പോകുന്നു. യുദ്ധത്തിന്‍റെ അവസാനത്തിലേക്ക് ഞങ്ങള്‍ കൂടുതല്‍ അടുത്തിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. യുദ്ധത്തിന്‍റെ അവസാനത്തിലേക്ക് അടുത്തിരിക്കുന്നു എന്ന് റഷ്യൻ പ്രസിഡന്‍റ് പുടിനും പറയും. എന്നത്തേക്കാളും ഇന്ന് ആ ലക്ഷ്യത്തോട് കൂടുതല്‍ അടുത്താണ് ഞങ്ങള്‍ എന്ന് ഞാൻ കരുതുന്നു. നിരവധി ജീവനുകള്‍ രക്ഷിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു' -ട്രംപ് പറഞ്ഞു.
"ഞങ്ങൾ അടുത്തുവരികയാണ്. യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന യൂറോപ്യൻ നേതാക്കളിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്," -അദ്ദേഹം കൂട്ടിച്ചേർത്തു.'ഈ നിമിഷം, റഷ്യ യുക്രെയ്‌ൻ നേടാൻ ആഗ്രഹിക്കുന്നു, പക്ഷേ കാര്യമെന്തെന്നാല്‍ പ്രശ്‌നങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാനാണ് അവരും ആഗ്രഹിക്കുന്നത്. യുക്രെയ്‌നും അതുതന്നെയാണ് ആഗ്രഹം. അതുകൊണ്ടാണ് ഇരു രാജ്യങ്ങളെയും ഒരു കരാറിലേക്ക് കൊണ്ടുവന്നത്' -ട്രംപ് പറഞ്ഞു.റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കള്‍, നാറ്റോ നേതാക്കള്‍ എന്നിവരുമായി യുക്രെയ്‌ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്‌കി ബെർലിനില്‍ മണിക്കൂറുകള്‍ നീണ്ട ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അതേസമയം, യുക്രെയ്‌നിന് സുരക്ഷ ഉറപ്പാക്കാൻ തങ്ങളാഗ്രഹിക്കുന്നതായി യൂറോപ്യൻ നേതാക്കള്‍ പ്രതികരിച്ചതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്‌തു.പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതിന് പകരമായി തങ്ങളുടെ നാറ്റോ അംഗത്വ അഭിലാഷങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് യുക്രേനിയൻ പ്രസിഡന്‍റ് സെലെൻസ്‌കി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനിടെ, ഒറ്റരാത്രികൊണ്ട് റഷ്യ യുക്രെയ്‌നില്‍ 153 ഡ്രോണുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട് ഉണ്ട്. അതേസമയം റഷ്യയുടെ പ്രതിരോധ മന്ത്രാലയം തങ്ങളുടെ സൈന്യം 130 ഉക്രേനിയൻ ഡ്രോണുകൾ നശിപ്പിച്ചതായി അവകാശപ്പെട്ടു.