യുഎസ് ആക്രമണത്തിൽ ഇറാൻ്റെ നിരവധി സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി ട്രംപ്

യുഎസ് ആക്രമണത്തിൽ ഇറാൻ്റെ നിരവധി സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി ട്രംപ്

വാഷിങ്‌ടൺ: ഇറാനിൽ നടന്ന കടുത്ത ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്. ദി ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആവകാശവാദം ഉന്നയിച്ചത്. ഇറാനെ അമേരിക്ക ആക്രമിക്കുന്ന വീഡിയോ അടക്കം പങ്കുവച്ചാണ് പോസ്റ്റ്. "തെഹ്‌റാനിൽ നടന്ന ഈ വമ്പിച്ച ആക്രമണത്തോടെ ഇറാൻ്റെ നിരവധി സൈനിക നേതാക്കൾ കൊല്ലപ്പെട്ടു, ഒപ്പം മറ്റു പലതും!" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിനൊപ്പമുള്ള ദൃശ്യങ്ങൾ ഇരുട്ടിൽ കൃത്യമായി കാണാൻ കഴിയാത്തതാണ്. ഉഗ്രസ്ഫോടനത്തിൻ്റെ ശബ്‌ദം വീഡിയോയിൽ കേള്‍ക്കാൻ കഴിയും. എന്നാൽ പങ്കുവച്ച വീഡിയോയുടെ മറ്റ് വിശദാംശങ്ങളൊന്നും ട്രംപ് പങ്കുവച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്.

ഇറാനിലെ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ട്രംപ് ഇറാന് കഴിഞ്ഞ ദിവസം ഹോർമുസ് തുറക്കണമെന്ന കർശന അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം. "എല്ലാ നരകങ്ങളും അവരുടെ മേൽ വർഷിക്കുന്നതിന് മുൻപ്" ഒരു കരാറിൽ ഏർപ്പെടാനോ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനോ ഇറാന് 48 മണിക്കൂർ സമയമുണ്ടെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.

ഒരു കരാർ ഉണ്ടാക്കാനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ ഞാൻ ഇറാന് പത്ത് ദിവസം സമയം നൽകിയിരുന്നു. ആ സമയം കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ട്രംപ് പ്രസ്‌താവിച്ചിരുന്നു. ചർച്ചകൾ വളരെ നന്നായി നടക്കുന്നു. ഇറാൻ സർക്കാരിൻ്റെ അഭ്യർഥന പ്രകാരമാണ് ഈ പ്രഖ്യാപനം വന്നതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.