യുദ്ധവുമായി മുന്നോട്ടെന്ന് ട്രംപ്: മധ്യപൂർവേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു

യുദ്ധവുമായി മുന്നോട്ടെന്ന് ട്രംപ്: മധ്യപൂർവേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു

യുദ്ധവുമായി മുന്നോട്ടെന്ന് ട്രംപ്. യുദ്ധം ഒരു മാസം നീളുമെന്ന് ട്രംപ്. ബെയ്‌റൂത്തില്‍ ജനങ്ങളുടെ കൂട്ടപലായനം. ലെബനന് ഇസ്രയേല്‍ മുന്നറിയിപ്പ്. അതേസമയം ആക്രമണം കടുപ്പിച്ച് ഇറാന്‍.

മധ്യപൂർവേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെ ഇസ്രയേൽ-അമേരിക്കൻ സംയുക്ത സേനയുടെ കനത്ത ആക്രമണമുണ്ടായി. ഇതിന് തിരിച്ചടിയായി ഇറാഖിലെ എർബിലിലുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി.രാത്രി വൈകിയും ജെറുസലേമിൽ മിസൈൽ വർഷം തുടർന്നു. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളം തങ്ങൾ പൂർണമായും തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇതിനിടെ ടെഹ്റാനിലെ ഗാന്ധി സ്ട്രീറ്റിലുള്ള ആശുപത്രിയിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇറാൻ്റെ പ്രത്യാക്രമണത്തിൽ ജെറുസലേമിലെ ഒരു സിനഗോഗ് പൂർണമായും തകർന്നു. ഇവിടെ ബങ്കറുകൾ ഉൾപ്പെടെ തകരുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്. ലെബനനിലെ ഹിസ്ബുല്ലയും ഇറാന് പിന്തുണയുമായി ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി. സിറിയയിൽ മിസൈൽ അവശിഷ്‌ടങ്ങൾ വീണ് നാലുപേർക്ക് പരിക്കേറ്റു. ബാഗ്‌ദാദിലെ യുഎസ് സൈനിക താവളത്തിന് സമീപവും ഡ്രോൺ ആക്രമണമുണ്ടായി. ദോഹയിലും ബഹ്റൈനിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.ലെബനനിലും സൈപ്രസിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംഘർഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതിന് ശേഷം, ഇനിയും നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചു.പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേൽ സൈനിക താവളത്തിൽ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ള പറഞ്ഞു. 'ദി അറ്റ്ലാന്റിക്കി'ന് നൽകിയ അഭിമുഖത്തിൽ, ആയത്തുള്ള അലി ഖമേനിയുടെ മരണശേഷമുള്ള  രാജ്യത്തെ പുതിയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്താൻ തയ്യാറാണ് എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു, എന്നാൽ അദ്ദേഹം ആരെയാണ് പരാമർശിക്കുന്നതെന്ന് വ്യക്തമാക്കിയില്ല .

അതേസമയം, ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാർഡ് ഉടൻ ആയുധം താഴെ വയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ്  മുന്നറിയിപ്പ് നൽകി. ആയുധം താഴെ വച്ചില്ലെങ്കിൽ വധിക്കപ്പെടുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. സൈനിക നടപടികൾ നാലാഴ്‌ച വരെ നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങളുള്ള ഭീകര ഭരണകൂടത്തെ അമേരിക്കക്കാർക്ക് ഒരിക്കലും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. അമേരിക്കയ്ക്കും ഇസ്രയേലിനും മരണം എന്ന് മുദ്രാവാക്യം വിളിക്കുന്ന ഈ തീവ്രവാദികൾ ലോകത്തിലെ തന്നെ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസർമാരാണെന്നും, അവരെ നേരിടാൻ ഏറ്റവും ശക്തമായ രാഷ്ട്രമെന്ന നിലയിൽ അമേരിക്കയ്ക്ക് സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ ജനങ്ങളോട് തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.