"ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ആണവ കേന്ദ്രങ്ങൾ തകർക്കും"- ഭീഷണിയുമായി ട്രംപ്

"ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ആണവ കേന്ദ്രങ്ങൾ തകർക്കും"- ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും ആണവോർജ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾ‍ഡ് ട്രംപ്. ഇറാൻ്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസിൻ്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യവും അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ ഭീഷണി.യുദ്ധം ആഗോള എണ്ണ വിപണിയെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയതോടെയാണ് പുതിയ പ്രഖ്യാപനങ്ങൾ. സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചത് നിരവധി രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെയും മറ്റ് കാര്യങ്ങളെയും ബാധിക്കാൻ തുടങ്ങി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം നാലാം ആഴ്‌ചയിലേക്ക് കടക്കുന്ന വേളയില്‍ ഇസ്രയേലിലെ പ്രധാന ആണവ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്‌ടം റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലിലെ ന്യൂക്ലിയർ റിയാക്‌ടറിൻ്റെ ആസ്ഥാനവും 'ലിറ്റിൽ ഇന്ത്യ' എന്നറിയപ്പെടുന്നതുമായ ഡിമോണയയിലാണ് ഇറാനിയൻ മിസൈൽ പതിച്ചത്.വിശുദ്ധ റമദാൻ മാസത്തിൻ്റെ സമാപനം കുറിക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ ടെഹ്‌റാനിലെ ഗ്രാൻഡ് പള്ളിയിൽ ഒത്തുകൂടിയപ്പോൾ, ഇറാന്‍റെ തലസ്ഥാനത്ത് രാത്രിയിലും രാവിലെയും കനത്ത വ്യോമാക്രമണങ്ങൾ ഉണ്ടായതായി താമസക്കാർ പറഞ്ഞു. അടുത്ത ആഴ്‌ച ആക്രമണങ്ങൾ ഗണ്യമായി വർധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. ഇറാനിയൻ മിസൈലിൻ്റെ ഭാഗങ്ങൾ ടെൽ അവീവിനടുത്തുള്ള ഒരു ആളൊഴിഞ്ഞ കിൻ്റർഗാർട്ടനിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം സംസാരിച്ചത്.


ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്

പരിക്കേറ്റവരിൽ 12 വയസുള്ള കുട്ടി ഷ്രാപ്പ്നെൽ തട്ടി നില ഗുരുതരമാണെന്ന് മാഗൻ ഡേവിഡ് അഡോം (എംഡിഎ) രക്ഷാപ്രവർത്തന ഉദ്യോഗസ്ഥർ പറഞ്ഞു."30ൽ അധികം പേർ ആക്രമണത്തിനിടയിൽ ഷെൽട്ടറുകളിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റു. നിരവധി പേരെ ബീർഷെബയിലെ സൊറോക്ക ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു" അവർ പറഞ്ഞു. ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ തടയുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.ആക്രമണത്തിന് ശേഷം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്ന് യുഎൻ ആണവ നിരീക്ഷണ ഏജൻസി ഐഎഇഎ ആവശ്യപ്പെട്ടു. നതാൻസ് ആണവ കേന്ദ്രത്തിൽ നേരത്തെ നടത്തിയ ആക്രമണത്തിനുള്ള പ്രത്യാക്രമണമായി ഡിമോണയെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. എന്നാൽ, നേരത്തെ നടാൻസിൽ നടത്തിയ ആക്രമണത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് ഐഡിഎഫ് പറഞ്ഞു.

ആണവ ഗവേഷണ കേന്ദ്രത്തിന് നാശനഷ്‌ടമുണ്ടായില്ലെന്ന് ഐഎഇഎ

ഇസ്രയേലിലെ നെഗേവിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നാശനഷ്‌ടമുണ്ടായതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ)  അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഡിമോണയിലെ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എക്‌സിലെ ഒരു പോസ്റ്റിൽ ഏജൻസി പറഞ്ഞു.

പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് ഐഎഇഎ ഡയറക്‌ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ആ പ്രദേശത്ത് കൂടുതൽ നിരീക്ഷണവും ജാഗ്രതയും അവശ്യമാണെന്നും കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡിമോണ മേയർ ബെന്നി ബിറ്റണുമായും റിഷോൺ ലെസിയോൺ മേയർ റാസ് കിൻസ്റ്റ്ലിച്ചുമായും സംഭവത്തിനു ശേഷം സംസാരിച്ചു.താമസക്കാരുടെ പ്രതിരോധശേഷിയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇറാനിൽ നിന്നുള്ള ആക്രണണത്തിൽ പരിക്കേറ്റവർ വേഗന്ന് സുഖംപ്രാപിക്കട്ടെയെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 100ലധികം പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇറാനിലെ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 1,500 കടന്നു

ഇറാനിലെ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 1,500 കവിഞ്ഞതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഇറാൻ ആണവായുധം നേടരുതെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതി നിർത്തണമെന്നും മേഖലയിലും ലോകമെമ്പാടും അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും സ്വന്തം ജനങ്ങൾക്കെതിരായ ഭയാനകമായ അക്രമവും അടിച്ചമർത്തലും അവസാനിപ്പിക്കണമെന്നും ജി 7 ആവശ്യപ്പെട്ടു  . "യുഎൻഎസ്‌സി പ്രമേയം 2817 ന് അനുസൃതമായി, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ സിവിലിയന്മാർക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെ ഭരണകൂടം നടത്തിയ അശ്രദ്ധമായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.":ജി 7 വ്യക്തമാക്കി.