സമാധാന നിർദ്ദേശം ഭാഗികമായി ഹമാസ് അംഗീകരിച്ചു : ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ട്രംപിന്‍റെ നിര്‍ദ്ദേശം

സമാധാന നിർദ്ദേശം ഭാഗികമായി ഹമാസ്  അംഗീകരിച്ചു : ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ട്രംപിന്‍റെ നിര്‍ദ്ദേശം

ദെയ്‌ര്‍ അല്‍ ബാലാ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന കരാറിന്‍റെ ആദ്യഘട്ടം നടപ്പാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇസ്രയേല്‍ . ഹമാസ് കരാര്‍ ഭാഗികമായി അംഗീകരിക്കാന്‍ തയാറായതോടെ ഗാസയിലെ ബോംബാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്‍റ് ട്രംപ് ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചു.

2023 ഒക്‌ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയ ബന്ദികളില്‍ അവശേഷിക്കുന്നവരെ വിട്ടയക്കാമെന്ന് ഹമാസ് സമ്മതിച്ചു. ഇതോടെ രണ്ട് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിയുകയാണ്. അധികാരം പലസ്‌തീനികള്‍ക്ക് കൈമാറാനും തങ്ങള്‍ തയാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരാറിലെ മറ്റ് നിര്‍ദ്ദേശങ്ങളില്‍ പലസ്‌തീന്‍കാരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ചില സുപ്രധാന കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ അറിയിച്ചു. അവയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

ട്രംപിന്‍റെ സമാധാന പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മോചനം സൂചിപ്പിച്ചാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഹമാസമായുള്ള സുപ്രധാന വിഷയങ്ങള്‍ പരിഹരിക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഹമാസ് സുസ്ഥിര സമാധാനത്തിന് തയാറാണെന്ന സൂചനയാണ് അവരുടെ പ്രസ്‌താവന വ്യക്തമാക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ഹമാസിന്‍റെ പ്രസ്‌താവനയെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്‌തു. ബന്ദികള്‍ സുരക്ഷിതമായി പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.ഞായറാഴ്‌ച വൈകിട്ട് ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം ഉന്മൂലനം ചെയ്യുമെന്നായിരുന്നു  ട്രംപിന്‍റെ ഭീഷണി. ഇതിന് പിന്നാലെയാണ് ബന്ദികളെ വിട്ടയക്കാനുള്ള സമ്മതം ഹമാസ് അറിയിച്ചത്. ട്രംപ് മുന്നോട്ട് വച്ച പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് അറിയിച്ചു.