ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ : ട്രംപിൻ്റെ സമാധാന കരാർ ലക്ഷ്യംകണ്ടില്ല

ജറുസലം: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ നഗരത്തെ ഇസ്രയേലി സൈന്യം വളഞ്ഞതായി പ്രതിരോധ മന്ത്രി ഇസ്രയേലി കാറ്റ്‌സ് പറഞ്ഞു. നെറ്റ്‌സാറിം പ്രദേശത്തെ പിടിച്ചെടുത്തെന്നും ഗാസയെ ഇനി രണ്ടായി വിഭജിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു.സൈന്യത്തിന്‍റെ അനുമതിയില്ലാതെ ഇനി ഗാസയില്‍ നിന്നും തെക്കന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ സാധിക്കില്ലെന്നും ഇസ്രയേല്‍ കാറ്റ്സ് അറിയിച്ചു. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന കരാര്‍ ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചിരുന്നു. ഇതിനിടെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം കടുപ്പിച്ചത്. ആക്രമണം തുടരുക മാത്രമല്ല ജനങ്ങളോട് ഗാസ വിട്ട് പോകാനും സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 29) ബെഞ്ചമിന് നെതന്യാഹു സമാധാന കരാര്‍ അംഗീകരിച്ചത്. ഇരുപതിന നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു കരാര്‍. വൈറ്റ് ഹൗസില്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് കരാറിനെ കുറിച്ച് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍, ഹമാസിന്‍റെ പക്കല്‍ ശേഷിക്കുന്ന ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കല്‍, ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്‍റെ പിന്മാറ്റം തുടങ്ങിയ കാര്യങ്ങളാണ് കരാറിലൂടെ ലക്ഷ്യമിട്ടിരുന്നത്.യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനും ബന്ദികളെ വേഗത്തില്‍ മോചിപ്പിക്കാനും ഇസ്രയേലി സുരക്ഷയ്‌ക്കും പലസ്‌തീന്‍ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാനാണ് ഇത്തരമൊരു കരാറെന്ന് ട്രംപ് പറഞ്ഞു. അതേസമയം സമാധാന കരാര്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് തോന്നിയതുപോലെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കുന്നതിന് അനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ അവരുടെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ അംഗീകരിക്കാന്‍ മൂന്നോ നാലോ ദിവസം സമയമെയുള്ളൂവെന്നും ഹമാസ് കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു .