ബിജെപി വമ്പൻ വാഗ്ദാനങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലുമായി TVKനേതാവ് ആധവ് അർജുന

ബിജെപി വമ്പൻ വാഗ്ദാനങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലുമായി  TVKനേതാവ്  ആധവ് അർജുന

ചെന്നൈ:  ബിജെപി വമ്പൻ വാഗ്ദാനങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലുമായി പാർട്ടി നേതാവ് ആധവ് അർജുന. നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റുകളും  പാർട്ടി അധ്യക്ഷൻ വിജയ് ക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദവുമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് അർജുന പറഞ്ഞു. എന്നാൽ "തമിഴ്‌നാട് ഒരിക്കലും ഡൽഹിക്ക് മുന്നിൽ കീഴടങ്ങില്ല" എന്ന് പ്രഖ്യാപിച്ച് വിജയ് ഈ ഓഫർ നിരസിച്ചതായും ആധവ് വെളിപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 234 സീറ്റുകളിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 അതേസമയം, ബിജെപിയുമായി ഇത്തരമൊരു ചർച്ച നടത്തിയിട്ടില്ലെന്നാണ് വിജയ്‌യുടെ ഔദ്യോഗിക പ്രതികരണം.


രജനീകാന്തിനോട് ക്ഷമചോദിച്ച്  ആധവ്അർജുന

ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന ആധവിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു സൃഷ്ടിച്ചത്. ഇതിനെതിരെ രജനീകാന്ത് നേരിട്ട് രംഗത്തെത്തുകയും "മറുപടി നൽകാൻ കാലം കാത്തിരിക്കുന്നു" എന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും രജനീകാന്തിന് വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആധവ് വ്യക്തമാക്കിയത്.

"റോഡിൽ നടന്നതിന് ലാത്തി ചാർജ്. സോഷ്യൽ മീഡിയയിൽ അഭിപ്രായം പോസ്റ്റ് ചെയ്തതിന് അറസ്റ്റ്. ഈ രീതിയിൽ പോലീസ് ഭരണവർഗത്തിന്റെ ആജ്ഞാനുവർത്തികളായി മാറിയാൽ, യുവാക്കൾക്ക് രക്ഷപ്പെടാനുള്ള ഏക മാർഗം വിപ്ലവമാണ്. ശ്രീലങ്കയിലും നേപ്പാളിലും യുവാക്കളും ജനറൽ ഇസഡും അധികാരത്തിനെതിരെ കലാപങ്ങൾ സൃഷ്ടിക്കാൻ ഒന്നിച്ചതുപോലെ, യുവാക്കളുടെ അതേ പ്രക്ഷോഭം ഇവിടെയും സംഭവിക്കും" എന്ന് സമൂഹ മാധ്യമത്തിൽ എഴുതിയതിന് ആധവ് അർജുനക്കെതിരെ 'കലാപാഹ്വാന  ' കുറ്റം ചുമത്തി നേരത്തെ പോലീസ് കേസെടുത്തിരുന്നു.

രൂക്ഷമായി വിമർശിച്ച്‌ എടപ്പാടി പളനിസ്വാമി 

രജനീകാന്തിനെതിരെയുള്ള പരാമർശത്തെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിയെന്നും അദ്ദേഹത്തെ കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പളനിസ്വാമി പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്നും ആ തീരുമാനത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.