വനിതാ ടി20 പരമ്പര : ശ്രീലങ്കയെ 30 റൺസിന് തോൽപ്പിച്ച് ഇന്ത്യ 4-0 ന് മുന്നിൽ

വനിതാ ടി20 പരമ്പര : ശ്രീലങ്കയെ 30 റൺസിന് തോൽപ്പിച്ച് ഇന്ത്യ  4-0 ന് മുന്നിൽ

 തിരുവനന്തപുരം :ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇന്ന്  നടന്ന വനിതാ ട്വന്റി 20 മത്സരത്തിൽ,  ശ്രീലങ്കയെ 30 റൺസിന് തോൽപ്പിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 4-0ന് ഇന്ത്യമുന്നിലെത്തി. സ്മൃതി മന്ദാന (87)യും ഷഫാലി വർമ്മയും (79) നേടിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ (221/2) നേടിക്കൊടുത്തത്. ശ്രീലങ്ക 191/6 എന്ന നിലയിൽ ഒതുങ്ങി.

ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ചേർന്ന് ഒന്നാം വിക്കറ്റിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് നൽകിയ കരുത്തിൽ എതിരാളികൾക്ക് എത്തിപ്പിടിക്കാനാവാത്ത പടു കൂറ്റൻ ടോട്ടൽ കുറിച്ചാണ് ഹർമൻ പ്രീതും സംഘവും ഇന്നിങ്ങസ് അവസാനിപ്പിച്ചത്.ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ 161 ലെത്തിയപ്പോൾ ഷെഫാലിയാണ് ആദ്യം മടങ്ങിയത്.പതിനാറാം ഓവറിൽ നിമാഷാ മീപ്പഗെയെ പന്ത് കയറിയടിക്കാൻ മുതിർന്ന ഷെഫാലിക്ക് പിഴച്ചു.വേഗത കുറഞ്ഞ പന്തിൽ അനായാസ റിട്ടേൺ ക്യാച്ച് നൽകി ഷെഫാലി മടങ്ങി. 46 പന്തിൽ നിന്ന് 79 റൺസടിച്ച ഷെഫാലിയുടെ ഇന്നിങ്സിൽ 12 ഫോറും ഒരു സിക്സും ഉൾപ്പെട്ടിരുന്നു.

തൊട്ടടുത്ത ഓവറിൽ മൽഷാ ഷെഹാനിയുടെ പന്തിൽ സ്മൃതി മന്ദാനയും പുറത്തായി. അതിനകം 48 പന്തിൽ നിന്ന് സ്മൃതി 80 റൺസ് കണ്ടെത്തിയിരുന്നു. 3 കൂറ്റൻ സിക്സറുകളും 11 ഫോറുകളും പറത്തിയ സ്മൃതി തന്നെയായിരുന്നു 'പ്ലെയർ ഓഫ് ദ മാച്ച്'.മൽസരത്തിൽ മറ്റൊരു റെക്കോർഡ് നേട്ടവും സ്‌മൃതി മന്ദാന സ്വന്തമാക്കി. രാജ്യാന്തര ട്വന്‍റി20യില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമാണ് സ്‌മൃതി. റെക്കോര്‍ഡ് നേട്ടത്തോടെ മിതാലി രാജിനെ മറികടന്ന സ്‌മൃതി അതിവേഗം രാജ്യാന്തര മല്‍സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരവുമായി മാറിയിരിക്കുകയാണ്. 281 ഇന്നിങ്സുകളില്‍ നിന്നായാണ് റെക്കോർഡ് സ്വന്തമാക്കിയത്.

ഓപ്പണർമാർ നൽകിയ ശക്തമായ അടിത്തറയിൽ നിന്ന് ആത്മ വിശ്വാസത്തോടെ ബാറ്റ് വീശിയ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷും മോശമാക്കിയില്ല. വെറും 16 പന്തിൽ നിന്ന് മൂന്ന് സിക്സും 4 ഫോറും പറത്തി 40 റൺസ്.മറു വശത്ത് ക്യാപ്റ്റൻ ഹർമൻ പ്രീതും റിച്ചക്ക് നല്ല പിന്തുണ നൽകിയപ്പോൾ ഇന്ത്യൻ സ്കോർ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്.222 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഓപ്പണർമാരും ഗംഭീര തുടക്കമാണിട്ടത്. ഹസിനി പെരേരയും ചമരി അട്ടപ്പട്ടുവും ആഞ്ഞടിച്ചപ്പോൾ റൺ റേറ്റ് പതിനാല് കടന്നു. ഇന്ത്യ ഉയർത്തിയ ടോട്ടൽ പുഷ്പം പോലെ ശ്രീലങ്ക മറികടക്കുമെന്ന് തോന്നിയേടത്തു നിന്ന് ആറാം ഓവറിൽ അരുന്ധതി റെഢി ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകി. 20 പന്തിൽ 33 റൺസെടുത്ത ഹരിണി പെരേര ഹർമൻ പ്രീതിൻറെ കൈയിലൊതുങ്ങി.

കൂടുതൽ ആക്രമണോൽസുകത കാട്ടിയ ചമരി അട്ടപ്പട്ടുവിൻറെ വിക്കറ്റ് വൈഷ്ണവി ശർമ്മക്കായിരുന്നു.മൂന്ന് സിക്സും 3 ഫോറുമടക്കം 37 പന്തിൽ നിന്ന് 52 റൺസുമായി അട്ടപ്പട്ടു മടങ്ങി. അതോടെ ശ്രീലങ്ക തളർന്നിരുന്നെങ്കിലും ഇമേഷാ ദുലാനിയും ഹർഷിത സമരവിക്രമെയും ചേർന്ന് ചെറിയ തോതിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഇതിനിടെ ഇമേഷ ദുലാനി റണ്ണൌട്ടായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടിരുന്നതോടെ ശ്രീലങ്കയുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഒടുവിൽ നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന നിലയിൽ അവരുടെ പോരാട്ടം അവസാനിച്ചു. ഇന്ത്യൻ ബൌളർമാരിൽ അരുന്ധതി റെഢിയും വൈഷ്ണവി ശർമ്മയും രണ്ട് വീതെ വിക്കറ്റെടുത്തപ്പോൾ നല്ലപ്പുറെഢി ചരണിക്കും ഒരു വിക്കറ്റ് കിട്ടി.