ട്വന്റി 20: പരമ്പര തൂത്തുവാരി ഇന്ത്യ: തിളങ്ങി സഞ്ജുവും തിലകും

അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിൻ്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി. വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാനത്തെ പോരാട്ടം നടന്നത്.ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 201 റൺസെടുക്കാനേ സാധിച്ചുള്ളൂ. ക്വിന്റൺ ഡി കോക്ക് (35 പന്തിൽ 65) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതാണ് സന്ദർശകർക്ക് തിരിച്ചടിയായത്. 10 ഓവറിൽ ടീം സ്കോർ 100 കടന്നെങ്കിലും പിന്നീട് എത്തിയവർക്ക് ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി നാലു വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും അർഷ്‌ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ലഖ്‌നൗവിലെ നാലാം മത്സരം കനത്ത മഞ്ഞുകാരണം ഉപേക്ഷിച്ചിരുന്നു.നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇടവേളയ്ക്കുശേഷം കളത്തിലേക്കു മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസണും (22 പന്തിൽ 37) അഭിഷേക് ശർമയും (21 പന്തിൽ 34) ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആറ് ഓവറിൽ ഇന്ത്യൻ സ്കോർ 67ൽ എത്തി. അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഇരുവരും തുടങ്ങിയ വെടിക്കെട്ട് തിലക് വർമയും (42 പന്തിൽ 73) ഹാർദിക് പാണ്ഡ്യയും (25 പന്തിൽ 63) ഏറ്റെടുത്തതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. ഹാർദിക്കും തിലകും ചേർന്ന് നാലാം വിക്കറ്റിൽ 44 പന്തിൽ 105 റൺസ് നേടി. സൂര്യകുമാർ യാദവ് ഏഴു പന്തിൽ അഞ്ചു റൺസെടുത്ത് പുറത്തായി. ശിവം ദുബെ (10), ജിതേഷ് ശർമ (0) എന്നിവർ പുറത്താകാതെ നിന്നു.
സഞ്ജുവിൻ്റെ തിരിച്ചുവരവ്:
കടുപ്പമേറിയ പരമ്പര വിജയത്തോടെ അവസാനിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിച്ചത്. ടീം തെരഞ്ഞെടുപ്പിലെ ആശയക്കുഴപ്പങ്ങളും ചെറിയ ദൗർബല്യങ്ങളും പരമ്പര തുറന്നുകാട്ടിയിരുന്നു. പരമ്പരയിൽ ആദ്യമായി പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ച സഞ്ജു സാംസൺ ഉജ്വല തിരിച്ചുവരവ് നടത്തി. 22 പന്തുകളിൽ 37 റൺസെടുത്ത സഞ്ജു ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. നാല് ഫോറുകളും രണ്ട് സിക്സറുകളും ആ ഇന്നിങ്സിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ആറു മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
ഇന്നത്തെ ഇന്നിങ്സോടെ സഞ്ജു രാജ്യാന്തര ടി20യിൽ 1,000 റൺസ് തികച്ചു. 52-ാം രാജ്യാന്തര മത്സരമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോഡ് ഉണ്ടായിട്ടും സഞ്ജുവിനെ പുറത്തിരുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഇതേ എതിരാളികൾക്കെതിരെ സഞ്ജുവിൻ്റെ അവസാന അഞ്ച് ഇന്നിങ്സുകളിലെ സ്കോർ 107, 0, 0, 109*, 37 എന്നിങ്ങനെയാണ്. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ സഞ്ജുവിന് ഓപണർ സ്ഥാനം നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുവർഷത്തിനിടെ ഒരു ടി20 ഫിഫ്റ്റിപോലും നേടാനാകാതെ ഗിൽ പരാജയമായി. ഈ പരമ്പരയിൽ മൂന്ന് ഇന്നിങ്സുകളിലായി ഗിൽ നേടിയ 32 റൺസ് സഞ്ജു വെറും 17 പന്തുകൾകൊണ്ട് മറികടന്നു. ഗിൽ ഓപണർ സ്ഥാനം സഞ്ജുവിന് കൈമാറണമെന്ന് മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു.
ഹാർദിക്കിന് റെക്കോർഡ് തിളക്കം
രാജ്യാന്തര ടി20യിൽ അതിവേഗം അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി. 16 പന്തിൽ 54 റൺസടിച്ചാണ് ഹാർദിക് അർധസെഞ്ചുറി കണ്ടെത്തിയത്. അഞ്ചുവീതം സിക്സും ഫോറും സഹിതം 25 പന്തിൽ 63 റൺസെടുത്താണ് താരം മടങ്ങിയത്. 12 പന്തിൽ അർധസെഞ്ചുറി നേടിയ യുവരാജ് സിങിൻ്റെ പേരിലാണ് നിലവിലെ റെക്കോർഡ്. അഭിഷേക് ശർമ 17 പന്തിലും കെഎൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ 18 പന്തിലും അർധസെഞ്ചുറി നേടിയിട്ടുണ്ട്. ഗാലറിയിലുണ്ടായിരുന്ന കാമുകി മഹി ക ശർമയ്ക്ക് ഫ്ലൈയിങ് കിസ് നൽകിയാണ് ഹാർദിക് നേട്ടം ആഘോഷിച്ചത്. മഹി കയും തിരിച്ച് ഫ്ലൈയിങ് കിസ് നൽകി.