വൈറ്റ് ഹൗസിന് സമീപം രണ്ട് അമേരിക്കൻ സൈനികര്‍ക്ക് വെടിയേറ്റു; ഭീകരാക്രമണെന്ന് എഫ്ബിഐ

വൈറ്റ് ഹൗസിന് സമീപം രണ്ട് അമേരിക്കൻ സൈനികര്‍ക്ക് വെടിയേറ്റു; ഭീകരാക്രമണെന്ന് എഫ്ബിഐ

വാഷിങ്ടണ്‍: അമേരിക്കയിലെ വൈറ്റ് ഹൗസിന് പുറത്തുവച്ച് രണ്ട് യുഎസ് നാഷണൽ ഗാർഡ് സൈനികർക്ക് വെടിയേറ്റു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 17-ാം സ്ട്രീറ്റ് നോർത്ത്‌വെസ്റ്റും ഐ സ്ട്രീറ്റ് നോർത്ത്‌വെസ്റ്റും തമ്മിലുള്ള കവലയ്ക്ക് സമീപമാണ് വെടിവയ്‌പ്പ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റ യുഎസ് നാഷണൽ ഗാർഡ് സൈനികരുടെ നിലഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുപിന്നാലെ പ്രദേശത്ത് രണ്ടായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട് .

ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടം ഉൾപ്പെടുന്ന പ്രദേശത്താണ് വെടിവയ്‌പ്പ് ഉണ്ടായത്, ഇവിടെ നിരവധി വൈറ്റ് ഹൗസ് ജീവനക്കാർ ജോലി ചെയ്യുന്നു. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് ലോക്ക്ഡൗൺ ചെയ്‌തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. 2021 ൽ അമേരിക്കയിലെത്തിയ 29 കാരനായ അഫ്‌ഗാൻ പൗരൻ റഹ്മാനുള്ള ലകൻവാൾ ആണ് പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതേസമയം, സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രതിയെ "മൃഗം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "രണ്ട് നാഷണൽ ഗാർഡ് സൈനികരെ വെടിവച്ച മൃഗത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇപ്പോൾ രണ്ട് വ്യത്യസ്‌ത ആശുപത്രികളിലാണ് സൈനികര്‍ കഴിയുന്നത്, പക്ഷേ അത് വളരെ വലിയ വില നൽകേണ്ടിവരും," എന്ന് ട്രംപ് പ്രസ്‌താവനയിൽ പറഞ്ഞു.

"നമ്മുടെ ഗ്രേറ്റ് നാഷണൽ ഗാർഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ യഥാർത്ഥത്തിൽ മഹാന്മാരാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും പ്രസിഡൻസി ഓഫിസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്!" അദ്ദേഹം കുറിച്ചു.

രണ്ട് സൈനികരുടെയും നില ഗുരുതരമാണെന്ന് എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേലും വാഷിങ്‌ടൺ മേയർ മുറിയൽ ബൗസറും സ്ഥിരീകരിച്ചു. വെടിയൊച്ച കേട്ടയുടനെ പ്രദേശത്തെ മറ്റ് സൈനികർ ഓടിയെത്തി വെടിയുതിർത്തയാളെ പിടികൂടിയതായി ഡിസി പൊലീസ് മേധാവി എക്‌സിക്യൂട്ടീവ് അസിസ്റ്റൻ്റ് ജെഫ്രി കരോൾ പറഞ്ഞു. ഇതൊരു ഭീകരാക്രമണമാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വ്യക്തമാക്കി.

രണ്ട് നാഷണൽ ഗാർഡ് സൈനികരെ വെടിവച്ച 29 കാരനായ അഫ്‌ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ ആണെന്ന് തിരിച്ചറിഞ്ഞതായി നിയമപാലകർ അറിയിച്ചു. 2021-ലെ യുഎസ് അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനിടെ റഹ്മാനുള്ള ലകൻവാൾ യുഎസിൽ എത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.റഹ്‌മാനുമായുള്ള ലകൻവാൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. വടക്കുപടിഞ്ഞാറൻ ഡിസിയിലെ ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപമുള്ള വളവിൽ അമേരിക്കൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:15 ഓടെ ഇയാൾ എത്തി. തുടർന്ന് വെടിയുതിർക്കുകയും ഒരു വനിതാ ഗാർഡിൻ്റെ നെഞ്ചിൽ വെടിവയ്ക്കുകയും തലയിൽ വെടിവയ്ക്കുകയും ചെയ്‌തുവെന്ന് നിയമപാലകർ അറിയിച്ചു.തുടർന്ന് ലകൻവാളിന് നേരെ വെടിയുതിർത്തു, ഇതിനിട്യില്‍ രണ്ടാമത്തെ ഗാർഡിനെ വെടിവയ്ക്കുകയും ചെയ്‌തു. സമീപത്ത് നിലയുറപ്പിച്ച മൂന്നാമത്തെ ഗാർഡ് പ്രദേശത്തേക്ക് ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി. പ്രതിക്ക് നാല് തവണ വെടിയേറ്റതായും ആംബുലൻസിൽ നഗ്നനായി വലിച്ചിഴച്ച് കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പേരിലാണ് സൈനിക നടപടി സ്വീകരിച്ചത്.