15 വയസ്സിൽ താഴെയുള്ളവർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യു.എ.ഇ സർക്കാർ വിലക്കേർപ്പെടുത്തി. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് യു.എ.ഇയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും അനുമതിയില്ല. അക്കൗണ്ട് നിർമ്മാണത്തിന് പുറമെ, പ്ലാറ്റ്ഫോമുകളിലെ ആശയവിനിമയം, പോസ്റ്റുകൾ ഇടുക, കമന്റ് ചെയ്യുക, ഷെയർ ചെയ്യുക, പബ്ലിക് ഗ്രൂപ്പുകളിൽ ചേരുക തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെടും.15 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ കണ്ടെത്തി അത് തടയേണ്ട ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ്. ഇതിനായി കമ്പനികൾക്ക് 12 മാസത്തെ സാവകാശം സർക്കാർ അനുവദിച്ചിട്ടുണ്ട്. നിയമം പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും, ഭാഗികമായോ പൂർണ്ണമായോ പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്യുന്നതിനും, മറ്റ് പിഴകൾ ചുമത്തുന്നതിനും യു.എ.ഇ മാധ്യമ-ടെലികോം നിയന്ത്രണ അതോറിറ്റികൾക്ക് അധികാരം ഉണ്ടായിരിക്കും