ഇറാൻ ആക്രമണം : ഗൾഫ് രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പൂർണ്ണ ഉറപ്പ് നൽകി യുഎഇ.

ന്യൂഡല്‍ഹി: യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ തങ്ങൾക്ക് കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവരുടെ സുരക്ഷയ്ക്കാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്നും ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾ നാസർ അൽഷാലി . ഇറാന്‍റെ ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ യുഎഇ സ്വാഗതം ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്കൊപ്പം നിന്ന തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യയുടെ നിലപാട് യുഎഇ എക്കാലവും ഓർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍റെ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817 സഹ-സ്പോൺസർ ചെയ്തതിലൂടെ ഇന്ത്യ നൽകിയത് സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശമാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഒരു ഔദ്യോഗിക നയതന്ത്ര നടപടികൾ തുടങ്ങുന്നതിന് മുൻപേ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്.യുഎഇയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ആറ് പേർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് സ്വദേശികളും ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. ആശുപത്രിയിൽ കഴിയുന്ന ഇവരെ സന്ദർശിച്ച യുഎഇ പ്രസിഡന്റ് ഇവരെല്ലാം തന്‍റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയത് അംബാസഡർ അനുസ്മരിച്ചു. യുഎഇയിലെ 40 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ വെറുമൊരു കണക്കല്ലെന്നും അവർ കേരളത്തിൽ നിന്നുള്ള മകനായും ഹൈദരാബാദിലെ എൻജിനീയറായും തമിഴ്‌നാട്ടിലെ അധ്യാപകനായും യുഎഇയുടെ വളർച്ചയിൽ പങ്കുചേരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെയെല്ലാം ഉപജീവനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള കുടുംബങ്ങൾ യുഎഇയുടെ സുരക്ഷയെയാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ അവരുടെ സുരക്ഷ തങ്ങളുടെ നേതൃത്വത്തിന്‍റെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇറാന്‍റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാത്ത വലിയ തോതിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് അംബാസഡർ കുറ്റപ്പെടുത്തി. മാർച്ച് 20 വരെയുള്ള കണക്കുകൾ പ്രകാരം 338 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,740-ലധികം ഡ്രോണുകളും യുഎഇക്ക് നേരെ തൊടുത്തുവിട്ടു. എന്നാൽ യുഎഇയുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചു.
ആക്രമണങ്ങൾക്കിടയിലും യുഎഇയിലെ ജനജീവിതം തടസ്സമില്ലാതെ മുന്നോട്ട് പോകുകയാണ്. സ്കൂളുകളും ആശുപത്രികളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ വ്യോമാതിർത്തി ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കില്ലെന്ന ഉറപ്പ് ഗൾഫ് രാജ്യങ്ങൾ നൽകിയിട്ടും ഇറാൻ അയൽരാജ്യങ്ങളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ യുഎഇ സജ്ജമാണെന്നും ഏത് ആക്രമണത്തിനും മറുപടി നൽകാൻ അവകാശമുണ്ടെന്നും അംബാസഡർ അബ്ദുൾ നാസർ അൽഷാലി വ്യക്തമാക്കി.