"വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പനയിൽ അന്തിമ തീരുമാനം UDF എടുക്കും" : മുഖ്യമന്ത്രി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുന്നണിക്കുള്ളിൽ ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയം യുഡിഎഫ് സമിതിയിൽ വിശദമായി ചർച്ച ചെയ്യുമെന്നും മുന്നണിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ മുന്നണി തീരുമാനിക്കുമെന്നും, ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃത്വത്തിന് മുന്നിലേക്ക് ഫയലുകളുമായി പോകാൻ താനില്ലെന്ന് പറഞ്ഞ അദ്ദേഹം, വിഷയത്തിൽ മന്ത്രി കെ. ലിജുവിന് എതിർപ്പില്ലെന്നും വ്യക്തമാക്കി. ബക്കാർഡി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി.ബജറ്റ് നിർദ്ദേശങ്ങളെച്ചൊല്ലി പ്രതിപക്ഷം ഉയർത്തുന്ന അഴിമതി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ചുട്ട മറുപടി നൽകി. വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്കായി മുൻകൈ എടുത്തത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായുള്ള ഫയൽ നീക്കം ആരംഭിച്ചത് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം രേഖകൾ സഹിതം വെളിപ്പെടുത്തി. അക്കാലത്ത് എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ ബക്കാർഡി കമ്പനിയുടെ അപേക്ഷയിൽ അടിയന്തര തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരുന്നതുകൊണ്ടാണ് അന്ന് അവർ അത് നടപ്പിലാക്കാതിരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നികുതിയാണ് വീര്യം കുറഞ്ഞ മദ്യത്തിന് കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 2018-19 കാലയളവിൽ ഇടതു സർക്കാർ മദ്യ നികുതി 210 ശതമാനത്തിൽ നിന്ന് 79 ശതമാനമായി കുറച്ചതിനെ സൂചിപ്പിച്ചുകൊണ്ട്, അന്ന് ജോണി വാക്കറിൽ നിന്നോ മറ്റ് കമ്പനികളിൽ നിന്നോ പണം വാങ്ങിയാണോ നികുതി കുറച്ചതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് തിരിച്ചു ചോദിച്ചു.കരിമണൽ സ്വകാര്യവൽക്കരണമെന്ന പ്രചാരണം പ്രതിപക്ഷത്തിന്റെ വെറും ഇല്ലാക്കഥയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഖനനമല്ല, മൂല്യവർദ്ധിത ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തെയും ഈ സർക്കാർ സ്വകാര്യവൽക്കരിക്കില്ലെന്നും, ബജറ്റിൽ അങ്ങനെയൊരു പരാമർശം പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ സ്വകാര്യമേഖലയല്ലെന്നും, ഇതുവഴി വരും വർഷങ്ങളിൽ സംസ്ഥാനത്തിന് വലിയ വരുമാനം ലഭിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പിച്ചു പറഞ്ഞു.