പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ

യുഎൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ന്യൂയോർക്കിലെ യുഎൻ സുരക്ഷാ കൗൺസിലിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് സംഘർഷം വ്യാപിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി യുഎന്നിന്‍റെ ഭാഗത്തുനിന്ന് മുതിർന്ന നയതന്ത്രജ്ഞൻ ജീൻ അർനോൾട്ടിനെ നിയമിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.രാജ്യങ്ങൾക്കിടയിലുള്ള മധ്യസ്ഥതയ്ക്കും സമാധാനത്തിനുമായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും, എല്ലാ കക്ഷികളുമായി ആശയവിനിമയം നടത്തുന്നതിനും, സംഘർഷത്തിന്‍റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനുമായാണ് പുതിയ നിയമനം. പശ്ചിമേഷ്യയിലെ അയൽരാജ്യങ്ങളുമായും മറ്റ് പ്രാദേശിക സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ അറബ് ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണ ഉറപ്പാക്കുക എന്നത് ഇതിൽ പ്രധാനമാണ്.
ആഗോളതലത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. വിപണികൾ പ്രതിസന്ധിയിലാണെന്നും സാമ്പത്തിക ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദുർബലവിഭാഗങ്ങളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കടബാധ്യതയും വർധിച്ചുവരുന്ന ചെലവുകളും കൊണ്ട് ബുദ്ധിമുട്ടുന്ന വികസ്വര രാജ്യങ്ങളെ ഇത് കാര്യമായി ബാധിക്കും.രാസവള വിതരണത്തിലെ തടസം ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കുതിച്ചുയരുന്ന ഊർജ്ജ വില ലോകമെമ്പാടും പണപ്പെരുപ്പത്തിനും ദാരിദ്ര്യത്തിനും കാരണമാകും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നും നയതന്ത്രമാണ് അതിനുള്ള പ്രധാന ഉപാതിയെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ കക്ഷികളും സംഘർഷത്തിൽ നിന്ന് പിന്മാറണമെന്നും നയതന്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം മൂലം മാനുഷിക ദുരിതങ്ങൾ വർധിക്കുകയാണ്. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഹോർമുസ് കടലിടുക്കിലെ വ്യാപാര മേഖലയെ ആശ്രയിക്കുന്ന ഊർജ്ജ വിപണികളെയും നിലവിലെ സംഘർഷം ബാധിക്കുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് അമേരിക്കയോടും ഇസ്രയേലിനോടും അദ്ദേഹം നിർദ്ദേശിച്ചു. അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്താൻ ഇറാനോടും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം സുഗമമാക്കണം. ഗതാഗതം തടസ്സപ്പെട്ടാൽ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ അത് സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ സംഘർഷം മൂലം സാധാരണക്കാരാണ് ഇരകളാകുന്നത്. ലെബനനിലെ സാഹചര്യം കൂടി കണക്കിലെടുത്ത് യുദ്ധം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.