അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് -2026 : ഇന്ത്യൻ ടീമിൽ ഹൈദരാബാദ് മലയാളി ആരോണ്‍ ജോര്‍ജും തൃശ്ശൂരുകാരന്‍ മൊഹമ്മദ്എനാനും

മുംബൈ: അണ്ടര്‍ 19 പുരുഷ ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹൈദരാബാദ് മലയാളി ആരോണ്‍ ജോര്‍ജും തൃശ്ശൂരുകാരന്‍ മൊഹമ്മദ് എനാനും ടീമിലിടം പിടിച്ചു. ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ആരോണ്‍ ജോര്‍ജ്. സിംബാബാവേയിലും നമീബിയയിലുമായി ജനുവരി 15 മുതലാണ് അണ്ടര്‍ 19 പുരുഷ ലോക കപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിക്കുക.
യുവ ബാറ്റ്സ്മാന്‍ ആയുഷ് മഹാത്രേയാണ് ഇന്ത്യയെ നയിക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന താരമാണ് ആയുഷ് മഹാത്രേ. ഐ പിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുന്നു. 15 അംഗ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യ വംശിയുമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനേയും ബി സി സി ഐ പ്രഖ്യാപിച്ചു.ഹൈദരാബാദ് മലയാളി ആരോണ്‍ വലങ്കൈയ്യന്‍ ബാറ്ററാണ്. അടുത്തിടെ ദുബായില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിലും ആരോണ്‍ കളിച്ചിരുന്നു. അര്‍ദ്ധസെഞ്ച്വറികളില്‍ ഹാട്രിക് നേടി തന്‍റെ ആദ്യ കളിയില്‍ തന്നെ ആരോണ്‍ കാണികളെ വിസ്‌മയിപ്പിച്ചിരുന്നു.
മുമ്പും രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മൊഹമ്മദ് എനാന്‍ ഓള്‍ റൗണ്ട് മികവിലാണ് ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം കണ്ടത്. വലങ്കൈയന്‍ ബാറ്ററും ലെഗ്സ്പിന്നറുമായ എനാന്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.16 ടീമുകളാണ് ഇത്തവണത്തെ അണ്ടര്‍ 19 ലോക കപ്പില്‍ മല്‍സരിക്കുന്നത്. നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മല്‍സരങ്ങള്‍. സൂപ്പര്‍ സിക്‌സ് ഘട്ടത്തിനു ശേഷം സെമി ഫൈനലുകളും ഫൈനലും നടക്കും. സിംബാബ്വേ തലസ്ഥാനമായ ഹരാരെയിലാണ് ഫൈനല്‍.
പുരുഷ അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യക്ക് മികച്ച ചരിത്രമാണുള്ളത്. അഞ്ചു തവണ ഇന്ത്യന്‍ ചുണക്കുട്ടികളായിരുന്നു ലോക കപ്പ് ചാമ്പ്യന്മാര്‍. രണ്ടായിരത്തിലും രണ്ടായിരത്തി എട്ടിലും രണ്ടായിരത്തി പന്ത്രണ്ടിലും രണ്ടായിരത്തി പതിനെട്ടിലും രണ്ടായിരത്തി ഇരുപത്തി രണ്ടിലും ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍.ഇത്തവണ യു എസ് എ യും ബംഗ്ലാദേശും ന്യൂസിലാണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 15 ന് ബുല്‍വായോ ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്ബില്‍ യു എസ് എ ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. തുടര്‍ന്ന് ജനുവരി 17 ന് ബംഗ്ളാദേശിനേയും ജനുവരി 24 ന് ന്യൂസിലാണ്‍റിനേയും ഇന്ത്യ നേരിടും.
ലോക കപ്പിനു മുന്നോടിയായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തും. മൂന്ന് ഏകദിനങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിനെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയാണ് നയിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാറിന് വേണ്ടിയാണ് വൈഭവ് സൂര്യവംശി കളിക്കുന്നത്.