അടിയന്തര നടപടിവേണം , ഐക്യരാഷ്ട്രസഭ 'ആസന്നമായ സാമ്പത്തിക തകർച്ച' നേരിടുന്നുവെന്ന് യുഎൻ മേധാവി

അടിയന്തര നടപടിവേണം , ഐക്യരാഷ്ട്രസഭ 'ആസന്നമായ സാമ്പത്തിക തകർച്ച' നേരിടുന്നുവെന്ന് യുഎൻ മേധാവി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്. അംഗരാജ്യങ്ങൾ വാർഷിക സംഭാവനകൾ നൽകുന്നതിൽ പിന്നോട്ട് പോയതാണ് സാമ്പത്തിക തകർച്ചയ്‌ക്ക് കാരണമാവുന്നതെന്നും ഗുട്ടറസ് വ്യക്തമാക്കി. സംഘടനയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം, ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 36 എണ്ണം മാത്രമേ 2026 ലെ പതിവ് സംഭാവനകൾ പൂർണമായും നൽകിയിട്ടുള്ളൂ.വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തതനുസരിച്ച്, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയോ ബജറ്റ് നിയമങ്ങൾ പരിഷ്‌കരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ യുഎൻ അംഗരാജ്യങ്ങൾക്കും ഗുട്ടറസ് കത്തയച്ചിട്ടുണ്ട്. "ഒന്നുകിൽ എല്ലാ അംഗരാജ്യങ്ങളും പൂർണമായും കൃത്യസമയത്ത് പണം നൽകാനുള്ള ബാധ്യത കാണിക്കണം, അല്ലെങ്കിൽ സാമ്പത്തിക തകർച്ച തടയാൻ അംഗരാജ്യങ്ങൾ നമ്മുടെ സാമ്പത്തിക നിയമങ്ങൾ പുനഃപരിശോധിക്കണം" - ഗുട്ടറസ് പറഞ്ഞു.

ചെലവ് ചുരുക്കൽ നടപടികൾ നടക്കുന്നുണ്ടെങ്കിലും, ജൂലൈ മാസത്തോടെ യുഎന്നിൻ്റെ പണ ശേഖരം തീർന്നുപോകുമെന്ന് ഗുട്ടെറസ് കത്തിൽ മുന്നറിയിപ്പ് നൽകി. 2025 അവസാനത്തോടെ, അടയ്ക്കാത്ത കുടിശിക വലിയ യുഎസ് ഡോളറിലെത്തിയെന്നും ഗുട്ടെറസ് പറഞ്ഞു. രാജ്യങ്ങളോട് അവരുടെ കുടിശികകൾ തീർക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു."മുൻ വർഷങ്ങളിൽ ചെയ്‌തതു പോലുള്ള പ്രവർത്തികൾ ചെയ്യാനാവശ്യമായ പണവും ദ്രവ്യവും നമുക്കില്ല. സെക്രട്ടറി ജനറൽ ഓരോ വർഷവും മുന്നറിയിപ്പ് നൽകുന്നുണ്ട്" - സംഘടനയുടെ സാമ്പത്തിക ദുർബലതയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് യുഎൻ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. നിരവധി യുഎൻ ഏജൻസികളിൽ നിന്ന് പിന്മാറാനും ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ കീഴിൽ ട്രംപ് ബോർഡ് ഓഫ് പീസ് സംഘടനയും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ പ്രതിസന്ധി റിപ്പോർട്ട് പുറത്ത് വരുന്നത്.

"ട്രംപിൻ്റെ ബോർഡ് ഒരുതരം പേ-ടു-പ്ലേ, ഗ്ലോബൽ ക്ലബ്ബാണെന്ന് തോന്നുന്നു, സ്ഥിര അംഗത്വത്തിനായി ഒരു ബില്യൺ യുഎസ് ഡോളർ ഫീസായി നൽകണം. ട്രംപിന് ഒരു ബില്യൺ യുഎസ് ഡോളർ ചെക്കുകൾ കൈമാറുന്നതിനുപകരം, അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളും, ആഗോള നിയമവാഴ്‌ചയും, ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നതിനായി സ്ഥാപിതമായ യുഎന്നിനെയും മറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം" - ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യുഎൻ ഡയറക്‌ടർ ലൂയിസ് ചാർബോണിയോ പറഞ്ഞു.

നിലവിൽ, ദേശീയ മൊത്ത ആഭ്യന്തര ഉത്‌പ്പാദനം, സാമ്പത്തിക ശേഷി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യുഎൻ അംഗത്വ ഫീസ് കണക്കാക്കുന്നത്, കോർ ബജറ്റിൻ്റെ 22 ശതമാനം നൽകുന്നത് അമേരിക്കയും 20 ശതമാനം ചൈനയമാണ് സംഭാവന ചെയ്യുന്നത്. എന്നാൽ സാമ്പത്തിക സമ്മർദ്ദങ്ങൾ വർദ്ധിക്കുമ്പോഴും, ഈ മാസം ആദ്യം 2026-ലേക്കുള്ള 3.45 ബില്യൺ യുഎസ് ഡോളർ ബജറ്റ് യുഎൻ അംഗീകരിച്ചിരുന്നു.