കുടിയേറ്റക്കാരെ പാർപ്പിക്കാൻ കൂറ്റൻ വെയർഹൗസുകൾ; 3800 കോടി ഡോളറിൻ്റെ പദ്ധതി ഉപേക്ഷിച്ച് യുഎസ്

കുടിയേറ്റക്കാരെ പാർപ്പിക്കാൻ കൂറ്റൻ വെയർഹൗസുകൾ; 3800 കോടി ഡോളറിൻ്റെ പദ്ധതി ഉപേക്ഷിച്ച് യുഎസ്

വാഷിങ്ടൺ: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ കൂറ്റൻ വെയർഹൗസുകൾ ഉപയോഗിക്കാനുള്ള 3800 കോടി ഡോളറിൻ്റെ പദ്ധതിയിൽനിന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) പിന്മാറുന്നു. മുൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം കൊണ്ടുവന്ന പദ്ധതിയാണ് വ്യാപക എതിർപ്പുകളെ തുടർന്ന് ഉപേക്ഷിക്കുന്നത്. ഒരു കേന്ദ്രത്തിൽ പതിനായിരത്തോളം പേരെ പാർപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

വെയർഹൗസുകൾ വിൽക്കാൻ തീരുമാനം

മിഷിഗൺ സംസ്ഥാനവും ഡെട്രോയിറ്റ് നഗരപ്രാന്തത്തിലുള്ളവരും നൽകിയ ഹർജിയെ തുടർന്ന് റോമുലസിൽ വാങ്ങിയ വെയർഹൗസ് വിൽക്കുമെന്ന് ഫെഡറൽ സർക്കാർ കോടതിയെ അറിയിച്ചു. ജോർജിയയിലെ സോഷ്യൽ സർക്കിൾ, എൽ പാസോയുടെ പ്രാന്തപ്രദേശമായ സൊകോറോ എന്നിവിടങ്ങളിലെ പദ്ധതികളും ഉപേക്ഷിച്ചതായി പ്രാദേശിക ഭരണകൂടങ്ങൾ വ്യക്തമാക്കി.രാജ്യത്തെ 11 നഗരങ്ങളിലായി 107.4 കോടി ഡോളർ ചെലവഴിച്ചാണ് ഫെഡറൽ സർക്കാർ വെയർഹൗസുകൾ വാങ്ങിയത്. ഇതിൽ ഏഴെണ്ണം വിൽക്കുകയോ മറ്റ് ഫെഡറൽ ഏജൻസികൾക്ക് കൈമാറുകയോ ചെയ്യുമെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ സംസ്ഥാന, കൗണ്ടി ഭരണകൂടങ്ങളുടെ കീഴിലുള്ള തടങ്കൽ കേന്ദ്രങ്ങൾ തന്നെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വ്യക്തമാക്കി.