ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണം

 ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണം

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും മിസൈല്‍ ആക്രണം  നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്‌റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.ഇറാന്റെ ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ടെഹ്റാനില്‍ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്‌ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.

മലയാളി പ്രവാസികൾ  ആശങ്കയിലും ഭീതിയിലും

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ കടുത്ത ആശങ്കയിലും ഭീതിയിലും. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്ക സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചതോടെയാണ് ഗള്‍ഫിലെ പ്രവാസികള്‍ ആശങ്കയിലായത്.

യുഎഇയിലെ അബുദാബിയിൽ ഉണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും ഭീതി പടർത്തിയിട്ടുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളെ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടത്തിലാണ് പലരും.രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും ആശങ്കയുണ്ടെന്നും കുവൈറ്റിലെ കണ്ണൂർ സ്വദേശി സുരേഷ്  അറിയിച്ചു.നിലവില്‍ ഭരണകൂട അധികൃതര്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.ഇവിടെയെല്ലാം ആകെ പുകയാണെന്നും ഒന്നും മനസിലാകുന്നില്ലെന്നും അബുദാബിയിലെ മലയാളി റഫീഖ് പ്രതികരിച്ചു. അബുദാബിയിലെ മലയാളികളെല്ലാം ഭീതിയോടെയാണ് കഴിയുന്നത്. അബുദാബിയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നും പ്രവാസികളെല്ലാം വലിയ ആശങ്കയിലാണെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. അമേരിക്കൻ സൈനിക കേന്ദ്രത്തിൻ്റെ അടുത്താണ് റഫീഖ് താമസിക്കുന്നത്.