"ഖാർഗ് ദ്വീപിൽ ബോംബിട്ടു, മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം": ട്രംപ്

"ഖാർഗ് ദ്വീപിൽ  ബോംബിട്ടു, മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം": ട്രംപ്

വാഷിങ്ടൻ:  ഇറാന്റെ എണ്ണയുത്പാദത്തിന്റെ നെടുംതൂണായ ഖാർ​ഗ് ദ്വീപിന്റെ മിക്ക ഭാ​ഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർത്തായി  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ദ്വീപിൽ  വീണ്ടും ആക്രമണം നടത്തുമെന്നു ട്രംപ് മുന്നറിയിപ്പും നൽകി. ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ഖാർ​ഗ് ദ്വീപിലെ സംസ്കരണശാലകളിലാണ് തയ്യാറാകുന്നത്.

ഹോർമൂസ് കടലിടുക്കിൽ ഇറാൻ, കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ ഖാർ​ഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പുണ്ട്.ഹോർമൂസ് കടലിടുക്ക് സൈനിക ബലം ഉപയോഗിച്ച് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. ഇതിനായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലയക്കുമെന്നാണ് പ്രതീക്ഷ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമൂസ് കടലിടുക്ക് തുറക്കാൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.രാജ്യാന്തര ഇന്ധന നീക്കത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നടപടി ആവശ്യമാണ്. ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തേയ്ക്ക് സൈനിക നടപടികൾക്കായി കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈനിക നടപടിയിലൂടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിവിധ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക


വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്ല്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് പ്രഖ്യാപനം നടത്തിയത്. മുജ്തബ ഖമേനിക്കു പുറമേ ഇറാൻ ആഭ്യന്തര മന്ത്രിയുൾപ്പെടെയുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരും പട്ടികയിലുണ്ട്.നേരത്തെ യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ മുജ്തബ ഖമേനിക്കു പരിക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ​ഗ്സെത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ഇറാൻ തള്ളുകയും ചെയ്തിരുന്നു.പിന്നാലെ മുജ്തബയുടെ എഴുതി നൽകിയ സന്ദേശം ഇറാൻ ടിവി അവതാരകൻ വായിച്ചു. പരമോന്ന നേതാവായി അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തിനു നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ടെലിവിഷനിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്. എന്നാൽ അദ്ദേഹം നേരിട്ട് എത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാത്തതും അഭ്യൂഹങ്ങൾക്കു ഇടയാക്കി.